ആനയെ നമുക്ക് എത്ര കണ്ടാലും കൌതുകം തീരില്ല. ഒരുപാട് തവണ വീഡിയോയിലും, ഫോട്ടോകളിലും എപ്പോഴും എപ്പോഴും നാം ആനയെ കണ്ടാലും തലേന്ന് നേരിൽ കണ്ടതാണെങ്കിലും ഒരു ആന നടന്നുപോകുന്നത് കണ്ടാൽ നാം അത് നോക്കിനിൽക്കും. കൌതുകം തീരുന്നില്ല.
കൃത്യം അതുപോലെയാണ് നമ്മുടെ നിത്യ സുന്ദരിയായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ കാര്യവും! എത്ര തവണ നാം അവിടെ പോയി? എത്ര വീഡിയോകളിൽ, എത്ര സിനിമകളിൽ, എത്രയെത്ര ഫോട്ടോകളിൽ നാമത് കാണുന്നു? എത്രകാണ്ടാലും വിസ്മയാനുഭൂതികൾ സമ്മാനിച്ചുകൊണ്ട് ആ വനസുന്ദരിയങ്ങിനെ നിത്യമായി പരിലസിക്കുകയാണ്. നമ്മുടെ ടൂറിസത്തിന്റെ തിളക്കമേറിയ ‘ഐക്കൺ’ ആയിത്തന്നെ.
എന്നാൽ ഈ അകർഷണത്തിൽപ്പെട്ട് ആ സുന്ദരിയെ ഒന്ന് അടുത്തുകാണാൻ ചെന്നാലോ .. വിലക്ഷണമായ ഒരു വേലിക്കെട്ട് നമ്മെയൊക്കെ ‘അപമാനിച്ചു’ കൊണ്ട് ‘സുരക്ഷിത’ വലയമായി, സുന്ദര കാഴ്ചകൾ മറച്ചുകൊണ്ട് അവിടെ അപശകുനമൊരുക്കുന്നു.
സുന്ദരമായ വെള്ളച്ചാട്ടം, ലാവണ്യവതിയായ തരുണി, പഴകിക്കറുത്ത ഒരു കീറ തോർത്തുമുടുത്ത് നാണം കെട്ട് തലതാഴ്ത്തി നില്ക്കുന്നു.
എന്താണ് നമുക്ക് സംഭവിക്കുന്നത്?
ഇത്രയധികം കലാകാരന്മാരും ലാൻഡ്സ്കേപ്പ് സ്പെഷലിസ്റ്റുകളും ഉള്ള ഈ നാട്ടിൽ സേഫ്റ്റിയുടെ ഇൻവിസിബിൾ മാതൃകകൾ ഒരുക്കാമെന്നിരിക്കെ എന്തിനാണ് ഈ ലോകോത്തര സൌഭാഗ്യത്തെ ഇങ്ങനെ വികലമാക്കുന്നത്?
നമ്മുടെ നാട്ടിൽ ഒരു ഡിപ്പാർട്ടുമെന്റും ചിലവഴിക്കാൻ കോടികളും ഉള്ളപ്പോൾ, അവിടെത്തന്നെ ലക്ഷങ്ങൾ ടിക്കറ്റ് കളക്ഷൻ നേടുമ്പോൾ നാം എന്തൊക്കെയാണ് കാട്ടികൂട്ടുന്നത്?
ഈ കീറത്തോർത്തിൽ നിന്ന് അവളെ രക്ഷിച്ച് ലോകസുന്ദരിയായി നിലനിർത്താൻ തോന്നാത്തവർ എന്ത് ടൂറിസം പ്രമോഷനാണ് ഉണ്ടാക്കാൻ പോകുന്നത് ?
അവിടേക്കുള്ള വഴിയിൽ, അവിടത്തെ ഹോട്ടലുകളിലെ അസൗകര്യങ്ങളിൽ, വൃത്തിഹീനതയിൽ, ഭക്ഷണത്തിൽ, കച്ചവടങ്ങളിൽ, അവിടത്തെ ഉദ്യോഗസ്ഥരുടെ പെരുമാറ്റങ്ങളിൽ എല്ലാം ഈ കീറത്തോർത്ത് കൾച്ചർ കടന്നുവരുന്നു.
അതിരപ്പിള്ളി യാത്ര, മധുരമായ ഒരനുഭവം പകർന്നുതരുന്ന ഒന്നായി ഇനി എന്നാണ് സജ്ജമാകുന്നത്?
അന്താരാഷ്ട്ര മാധ്യമങ്ങളിലോ, PRO പ്രവർത്തനങ്ങളിലോ അല്ല നാം പണം ചിലവഴിക്കേണ്ടത്. നമ്മുടെ നാട്ടിൽ തന്നെ, നമ്മുടെ ഉദ്യോഗസ്ഥരെയും, പൊതുജനങ്ങളെയും ടൂറിസം കൾച്ചറിലേക്ക് പരിവർത്തനം ചെയ്യാനാണ് പണം ചിലവഴിക്കേണ്ടത്. അതിനുള്ള ഫലസിദ്ധിയുള്ള പദ്ധതികൾ ആണ് കൊണ്ടുവരേണ്ടത്.
ടൂറിസ്റ്റുകൾ താനേ വന്നെത്തികൊള്ളും. അവരെ ഉപദ്രവിച്ച് ഓടിക്കാതിരുന്നാൽ മതി