”നന്നായി പഠിച്ച് നല്ല ജോലി നേടണം”.! ഇതാണോ ഇപ്പോഴും നാം നമ്മുടെ കുട്ടികൾക്ക് നല്കുന്ന ഉപദേശം?

അവർ തൊഴിൽ തേടുന്നവരാകണോ, അതോ തൊഴിൽ കൊടുക്കുന്നവരാകണോ?

ആരുടെയെങ്കിലും കീഴിൽ പണിയെടുക്കാൻവേണ്ട അറിവും അനുസരണയും മാത്രമാണ് നാളിതുവരെ നമ്മുടെ വിദ്യാഭ്യാസം പകർന്നു നൽകിയത്. എങ്ങിനെ പണമുണ്ടാക്കാം?, എങ്ങിനെ വികസിക്കാം?, എന്നൊക്കെ ചിന്തിക്കുന്ന ശീലം ബാല്യത്തിലേ ഉണ്ടായി വരണം. അങ്ങിനെ ചിന്തിക്കുന്നത് തെറ്റാണോ? എങ്ങിനെ പണമുണ്ടാക്കാം എന്നു ആലോചിക്കുന്നത് ചീത്ത ശീലമാണോ? എങ്കിൽ മുതിർന്നാൽ അത്തരത്തിൽ ചിന്തിക്കുന്ന വലിയൊരു തെറ്റുകാരനെ തേടിയാണ് അവർ ഓടുന്നത്, ആയാളുടെ കീഴിൽ പണിയെടുക്കാൻ…!ബിസിനസ്സുകളോടുള്ള നമ്മുടെ ആറ്റിറ്റ്യൂഡുകൾ മാറ്റി നമ്മൾ ഒരു ഓൺട്രപ്രണർ ഫ്രണ്ട്ലി സമൂഹമായി മാറണമെങ്കിൽ സംരഭക ശീലങ്ങൾ കുഞ്ഞുനാളിലേ പകർന്നുനൽകണം. എങ്ങിനെ ബിസിനസ്സ് ചെയ്യാം എന്ന് സ്കൂളിൽ വച്ചേ ചിന്തിച്ചു തുടങ്ങണം.

കുഞ്ഞുനാളിലേ ബിസിനസ്സ് ചെയ്യാനും വികസിക്കാനുമുള്ള പ്രാഥമിക അറിവെങ്കിലും നൽകണം. അതിനായി “ടീച്ചർ” എന്ന തൊഴിലാളിയെ ഏൽപ്പിക്കരുതെന്നു മാത്രം.

ഒരു പലചരക്ക് കടക്കാരൻ അവർക്ക് ക്ലാസ് എടുക്കട്ടെ. ഒരു ബിസ്ക്കറ്റ് ബ്രാൻഡ് ഉടമ ക്ലാസ് എടുക്കട്ടെ. ഒരു ടൊയ്ലറ്റ് സോപ്പ് distributor, ഒരു അഡ്വർടൈസിങ് കമ്പനി ഉടമ, ഒരു അഗ്രി-നേഴ്സറി ഉടമ, ഒരു സോഫ്റ്റ്വെയർ ഉടമ ഇവരൊക്കെ ക്ലാസ്സുകൾ എടുക്കട്ടെ. എന്താണ് ട്രേഡ് ലൈസൻസ് എന്ന് ഏഴാം ക്ലാസ്സുകാരൻ അറിഞ്ഞാൽ എന്താണ് തെറ്റ്? എന്താണ് എക്സ്പോർട്ട് ബിസിനസ്സിന്റെ രീതികൾ എന്നവര് അറിഞ്ഞാൽ കുഴപ്പമുണ്ടോ? അവർക്കത് മനസ്സിലാകുമോ എന്ന് ശങ്കിക്കേണ്ട. ക്വാണ്ടം ഫിസിക്സ് ഉം ഐൻസ്റ്റീൻ തിയറികളും അവർക്ക് മനസ്സിലാകുമെങ്കിൽ അവർക്കിത് ഒന്നേ രണ്ട് ചൊല്ലുന്ന പോലെയാണ്.

എന്താണ് കസ്റ്റമർ എന്നും, എന്താണ് കസ്റ്റമർ ലോയാലിറ്റി എന്നും, എങ്ങിനെയൊക്കെ അത് നേടാം എന്നും ആ കുഞ്ഞു ബുദ്ധിയിൽ, ഭാവനയിൽ ആശയമായി ഉയർന്നുവന്നാൽ എന്ത് പ്രശ്നമാണ് ഉണ്ടാവുക?

സ്കൂളുകളിൽ ക്ലാസ് അടിസ്ഥാനത്തിൽ കൃഷിയിൽ ചെറിയ പ്രോജെക്ട്കൾ ഉണ്ടായിരുന്നു. അതുപോലെ കുട്ടികൾക്ക് കൊച്ചു കൊച്ചു ബിസിനസ് പ്രോജക്ടുകൾ തുടങ്ങാൻ സാഹചര്യം വരട്ടെ. അപ്പോൾ കാണാം കുട്ടികളുടെ ഭാവനകൾ ഉണരുന്നത്. ആക്ഷനുകൾ തുടങ്ങുന്നത്. കഴിവുകൾ പുറത്തുവരുന്നത്. !

കുട്ടികൾ അവരുടെ ‘പീപ്പിൾ സ്കില്ലുകൾ’ പുറത്തെടുക്കാൻ തുടങ്ങും. ആളുകളോട് പെരുമാറുന്നത്, ആളുകളെ ബോധ്യപ്പെടുത്തുന്നത്, പ്രശ്നങ്ങളെ സോൾവ് ചെയ്യുന്നത്, കാര്യങ്ങളെ ഓർഗനൈസ് ചെയ്യുന്നത്. ആരെ വിശ്വസിക്കണം, ആരെ വിശ്വസിക്കാതിരിക്കണം, ആരുമായി ബന്ധങ്ങൾ സ്ഥാപിക്കണം, ആരുമായി അകന്ന് നിൽക്കണം, എന്നൊക്കെ പ്രായോഗികമായി സമൂഹവുമായി നേരിട്ട് ബന്ധപ്പെട്ട് അവർ പഠിച്ചെടുക്കും.

ഒരു കൗണ്സിലിംഗിനും ഇവരെ കൊണ്ടുപോകേണ്ടി വരില്ല. ഒരു പഠന വൈകല്യത്തിനും ആരെയും കാണേണ്ടി വരില്ല. ഒരു മോട്ടിവേഷൻ ക്ലാസ്സിനും പേര് രജിസ്റ്റർ ചെയ്യേണ്ടി വരില്ല. ഒരു മയക്കുമരുന്നിലും ചെന്നുപെടാൻ ഇവർക്ക് നേരമുണ്ടാകില്ല, മനസ്സുമുണ്ടാകില്ല.

പണം, ലക്‌ഷ്യം, ഉയർച്ച, വികാസം ഇതിനെക്കുറിച്ചൊക്കെ അവരിൽ പുതിയ ധാരണകൾ നാമ്പിടും. 8C ക്കാരുടെ പെർഫ്യൂം ബിസിനസ് ആണോ 9A യുടെ ഓൺലൈൻ കേക്ക് സപ്ലൈ ആണോ നന്നാവുന്നത് എന്ന് സ്കൂൾ മുഴുവനും ശ്രദ്ധിച്ചുകൊണ്ടിരിക്കും. 7B യുടെ വളം-കമ്പോസ്റ്റു ബ്രാൻഡ് ആണോ 9B യുടെ സ്കൂൾ ബാഗ് ബ്രാൻഡ് ആണോ കരുത്ത് നേടുന്നത് എന്ന് നോക്കിയിരിക്കാൻ സമൂഹത്തിന്നുമുണ്ടാകില്ലേ കൗതുകം.!

വാല്യൂ അഡിഷണനെ കുറിച്ച്, വാല്യൂ കമ്മ്യൂണിക്കേഷനെക്കുറിച്ച്, കസ്റ്റമർ സാറ്റിസ്ഫാക്ഷൻനെ കുറിച്ച്, വാല്യൂ ഡെലിവറിയെ കുറിച്ചെല്ലാം വിലയേറിയ ധാരണകൾ ഇവരിൽ വളരില്ലേ?
ഇതിൽ വിജയം വരിക്കുന്ന കുട്ടികൾ ലോകത്തെ കാണുന്നതും ജോലികൾ ലക്ഷ്യമിടുന്ന കുട്ടികൾ ലോകത്തെ കാണുന്നതും തീർത്തും വ്യത്യസ്തമാകില്ലേ.

ഒരു ‘റിസ്ക് ടേക്കിംഗ് ആറ്റിട്യൂഡ്’ കുട്ടികളിലൂടെ രൂപപ്പെട്ട് നാട്ടിൽ മാതൃകയായാൽ നാമാരും നമ്മുടെ നാട്ടിൽ വന്നെത്തുന്ന വിദേശ ടൂറിസ്റ്റുകളെ ഉപദ്രവിച്ച് ഓടിച്ചുവിടില്ല. താരങ്ങളുടെ പാലഭിഷേകത്തിനും തിയറ്ററിൽ കൂവാനും നടക്കില്ല.

അടിസ്ഥാനപരമായി നമ്മുടെ ബിസിനസ്സുകൾ വളരണം. അവ തികവുറ്റ അളവിൽ കോംപീറ്റന്റ് ആയി മാറണം. അവ ജില്ലകളും സംസ്ഥാനങ്ങളും വിട്ട് അന്തർദേശീയമായി മത്സരിക്കാൻ കെൽപ്പുള്ളതായി ശക്തി പ്രാപിക്കണം. ബിസിനസ്സുകൾ വികസിക്കുമ്പോൾ രാജ്യം വികസിക്കും എന്ന് നമുക്കറിയാം. അപ്പോൾ ബിസിനസ്സുകൾ നശിച്ചാൽ എങ്ങിനെയാണ് നമ്മൾ നശിക്കാതിരിക്കുന്നത്?

ഓർക്കുക: നമ്മുടെ നാട്ടിൽ ഒരു സംരംഭം പരാജയപ്പെടുമ്പോൾ നാം ഓരോരുത്തരുമാണ് പരാജിതരാകുന്നത്. നമ്മുടെ കുഞ്ഞുകുട്ടികളും അവരുടെ പിൻഗാമികളുമാണ്.!
– – – – – – – – – – – –
കുറിപ്പ്: കർഷകരെയും സംരംഭകരെയും താരതമ്യം ചെയ്യുന്ന ഞങ്ങളുടെ ഒരു പോസ്റ്റിൽ നീളകൂടുതൽ ഉണ്ടായിരുന്നതിനാൽ പലരും പ്രധാനപ്പെട്ട ഈ ഭാഗം ശ്രദ്ധിച്ചില്ല. ഒരുപാടുപേർ ആവശ്യപ്പെട്ടതിനാൽ ആ ഭാഗം മറ്റൊരു പോസ്റ്റ് ആക്കിയതാണ് ഇത്.

Leave a Comment

Your email address will not be published. Required fields are marked *