ഇന്ത്യൻ കോഫീഹൗസിനെ മലയാളിക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഒരുപാടു കാലത്തെ ഇടപെടലുകൾ കൊണ്ട് വൈകാരികമായ ഒരടുപ്പം ഇന്ത്യൻ കോഫീഹൗസിനോട് ഓരോ മലയാളിക്കും വന്നുചേർന്നിട്ടുണ്ട്.
ഓരോ മലയാളിയിലും നമ്മുടേത് എന്ന മനോഭാവം വളർത്താൻ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു. പൊതുമേഖലയിൽ ഒരു സ്ഥാപനം ഈ നിലയിൽ ലാഭകരമായി പ്രവർത്തിച്ചുവരുന്നു എന്നത് തികച്ചും അത്ഭുതകരമായ ഒരു കാര്യമാണ്.l
കേരളത്തിൽ ഇന്നു ശ്രദ്ധേയമാംവിധം പ്രവർത്തിക്കുന്ന ഒരു റസ്റ്ററന്റ് ചെയിനാണ് കോഫീഹൗസ്.
അത്യധികം രുചികരമായത് എന്ന് അവകാശപ്പെടാൻ കഴിയില്ലെങ്കിലും ഒരു മിനിമം ക്വാളിറ്റി നമുക്കിവിടെ കിട്ടിവരുന്നുണ്ട്. പഴകിയ ഭക്ഷണം വിളമ്പില്ല എന്ന് ഉറപ്പിക്കാം. അത്ര പരിചിതമല്ലാത്ത പ്രദേശങ്ങളിൽ ചെന്ന്പെടുമ്പോഴാണ് കോഫീഹൗസിന്റെ ബോർഡുകൾ നൽകുന്ന ആശ്വാസം തിരിച്ചറിയുന്നത്.
കോഫീഹൗസിന്റെ മറ്റൊരു സവിശേഷത അതിന്റെ പൊസിഷനാണ്. കോഫീഹൗസ് ഒരു പ്രത്യേക ക്ലാസിനുള്ള റസ്റ്ററന്റല്ല . ഇവിടെ അസാമാന്യമായ ഒരു ഒരുമ നമുക്ക് ദർശിക്കാൻ കഴിയും. സമ്പന്നനും ഇടത്തരക്കാരനും സാധാരണക്കാരനും ഇവിടെ ഒരുപോലെ കടന്നുവരുന്നു. ചർച്ചകൾക്കും സംഗമങ്ങൾക്കും വേദിയാക്കിക്കൊണ്ട് ബുദ്ധിജീവികളും കച്ചവടക്കാരും ധനികരും, കലാകാരൻമാരും പ്രഫഷണലുകളുമൊക്കെ ഇത് തങ്ങളുടേതാണെന്ന് കരുതിവരുന്നു.
എന്നാൽ ഇതൊന്നുമല്ല, യഥാർത്ഥത്തിൽ കോഫീഹൗസിന്റെ പൊട്ടെൻഷ്യൽ. ഒരു സർവ്വീസ് എന്ന നിലക്കും ഒരു ബ്രാന്റ് എന്ന നിലക്കും ആധുനികമായ മാനേജ്മെന്റ്- മാർക്കറ്റിംഗ്- കമ്മ്യൂണിക്കേഷൻ -ബ്രാന്റിംഗ് സാധ്യതകൾ പ്രയോജനപ്പെടുത്തി ലോകത്തെ മികച്ച ഏതൊരു റസ്റ്ററന്റ് ചെയിനോടും
കിടപിടിക്കത്തക്കവിധം വികസിക്കാനും കരുത്താർജ്ജിക്കാനുമുള്ള പൊട്ടെൻഷ്യൽ ഇന്ത്യൻ കോഫീ ഹൗസിനുണ്ട്.
ന്യൂയോർക്കിലും ലണ്ടനിലും പാരീസിലും ബർലിനിലും ടോക്യോയിലും ഷാങ്ഹായിലും ഫ്രാങ്ക്ഫർട്ടിലും ബ്രാഞ്ചുകളുള്ള ഒരു കോഫീഹൗസിനെ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ഇന്ത്യയുടേയും പ്രത്യേകിച്ച് കേരളത്തിന്റേയും അംബാസിഡറായി, നമുക്കുള്ള നന്മകളും മേന്മകളും പ്രതിഫലിപ്പിക്കുന്ന ഒരു മാധ്യമമായിപ്പോലും നമുക്കിതിനെ കൊണ്ടുവരാം. കൊക്കക്കോള, ലോകഭൂപടത്തിൽ അമേരിക്കയെ പ്രതിനിധാനം ചെയ്യുംപോലെ കോഫീഹൗസ്, ലോകത്തിന്റെ നാനാദിക്കുകളിലും കേരളത്തെ പ്രതിനിധീകരിച്ചു നിൽക്കും.
ഇതൊന്നും സാദ്ധ്യമല്ലെന്നു തോന്നുന്നുണ്ടോ? കെന്റക്കി എന്ന ഒരു ചെറിയ സ്ഥലത്തുനിന്നും ആരംഭിച്ച് ലോകത്തിന്റെ നാനാഭാഗത്തേക്കും വികസിക്കാൻ കെന്റക്കി ഫ്രൈഡ് ചിക്കന് (കെ.എഫ്.സി) കഴിയുമെങ്കിൽ , ഒരു തട്ടുകടപോലെ നടത്തിയിരുന്ന മെക്ഡോനൽസിന് ലോകം കീഴടക്കിയ ബ്രാന്റുകളിലൊന്നാവാമെങ്കിൽ കോഫീഹൗസിന് അത് നിഷ്പ്രയാസമാണ്. എന്നാൽ മേൽ സൂചിപ്പിച്ച പ്രഫഷണലിസത്തിന്റെ വഴിയിലേക്ക് മാറിയാൽ മാത്രമേ അത് സാധ്യമാകൂ. അതിന് കാതലായ ചില കാര്യങ്ങൾ മാറിയേ തീരൂ. അത്തരം മാറ്റത്തിനുള്ള ചില നിർദ്ദേശങ്ങളാണ് താഴെ കൊടുക്കുന്നത്:
1. മെനു അടിമുടി പരിഷ്ക്കരിക്കുക, കേരളത്തിലെ പരമ്പരാഗത രീതിയിലുള്ള ഭക്ഷണങ്ങൾ വാല്യൂ അഡീഷനുകളോടെ, ക്രിയേറ്റീവായി പരിഷ്ക്കരിച്ച് ലഭ്യമാക്കുക. (എന്നു പറയുമ്പോൾ ഉടനെ കപ്പയും മീനും എന്നൊന്നും പറയരുത്).
2. ഭക്ഷണമേന്മ നിർബന്ധമായും ഉയർത്തുക. അതിന്റെ പ്രൊഡക്ഷൻ ആധുനിക രീതിയിൽ ന്യൂ ജനറേഷൻ കിച്ചണിലാക്കി വൃത്തിയും ശുദ്ധിയും ഉറപ്പാക്കുക.
3. കോഫീഹൗസുകളിലെ നിലവിലുള്ള കോഫി കൂറേക്കൂടി മെച്ചപ്പെടുത്തുക. മറ്റെവിടന്നു കിട്ടുന്നതിനേക്കാളും ഗംഭീരമായ കോഫി ലഭ്യമാക്കുക.
4. കേരളത്തിലെ കല്യാണ സദ്യകൾ വളരെ വിശേഷപ്പെട്ടതാണല്ലോ. അത്തരം ഒരു സദ്യ ദിവസേന ലഭ്യമാക്കുന്ന സാദ്ധ്യത ചിന്തിക്കാവുന്നതാണ്.
5. വളരെ വിശേഷപ്പെട്ടതാണ് ഇവിടത്തെ വെയ്റ്റേഴ്സിന്റെ കോസ്റ്റ്യൂംസ്. അത് വൃത്തിയോടേയും മേന്മയോടേയും ധരിക്കാൻ നിർബന്ധിക്കുക.
6. സ്റ്റാഫിന് പ്രൊഫഷണൽ സർവ്വീസിംഗിൽ ട്രെയിനിംഗ് കൃത്യമായി നൽകുന്ന സ്ഥിരം സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുക. നല്ലൊരു സർവ്വീസ് കൾച്ചർ ഉറപ്പുവരുത്തുക.
7. മാർക്കറ്റിൽ ലഭ്യമാകുന്ന പാലിന്റെ സ്ഥിതി നമുക്കെല്ലാം അറിവുള്ളതാണ്. പ്രത്യേകിച്ചും അതിർത്തി കടന്നെത്തുന്നവയുടെ. ശുദ്ധവും മേന്മയേറിയതും രാസപദാർത്ഥങ്ങൾ കലരാത്തതുമായ പാൽ സോഴ്സ് ചെയ്യുകയും അതൊരു സെല്ലിങ് പോയന്റായി ഉയർത്തിക്കൊണ്ടുവരികയുമാകാം.
8. ജൈവകൃഷിയിടങ്ങളിൽ നിന്നും കഴിയുന്നത്ര സോഴ്സ് ചെയ്യുക. പച്ചക്കറികളും അരിയും ധാന്യങ്ങളും മായമില്ലെന്നു ഉറപ്പാക്കി അതും ഒരു സെല്ലിങ് പോയിന്റാക്കുക.
9. ലോഗോ/സൈൻബോർഡ് തുടങ്ങിയവ ഇംപ്രൂവ് ചെയ്യുക.
10. ഇന്റീരിയർ റീ-ഡിസൈൻ ചെയ്യുക. ഇപ്പോഴത്തെ ഫ്ളാറ്റായ കളർ കോമ്പിനേഷനും ലൈറ്റിംഗ് രീതികളും അടിമുടി പരിഷ്ക്കരിക്കുക. ഫർണീച്ചറുകളും സെർവിംഗ് പാത്രങ്ങളും ആധുനീകരിക്കുക.
11. ടോയ്ലെറ്റുകളും വാഷ്റൂമുകളും ആധുനീകരിക്കുക. നിലവിൽ ഫാമിലി റൂമിൽ പോലും കുട്ടികൾക്കായുള്ള വാഷ്ബേസിനുകൾ ഇല്ല. കുട്ടികൾക്കുള്ള ഫർണീച്ചറുകളും ഉൾപ്പെടുത്തുക. (ഒരു ഫാമിലി റസ്റ്ററന്റിന്റെ അടിസ്ഥാനങ്ങളാണ് ഈ ചെറിയ കാര്യങ്ങൾ).
12. വെയ്റ്റർമാർക്ക് ടിപ്പ് ലഭിക്കാനു ള്ള സാഹചര്യം സൃഷ്ടിക്കുക. ബെറ്റർ ടിപ്പ് ഫോർ ബെറ്റർ സർവ്വീസ് എന്ന സാമാന്യനിയമം എല്ലാ വർക്കും അറിയാം. വിനയവും ഉത്സാഹവും തുളുമ്പുന്നതുമായ ഒരു സെർവിംഗ് കൾച്ചറിന് ടിപ്പ് നിർബന്ധമാണ്.
13. മൊത്തം കോഫീഹൗസിന്റെ ഇമേജ് റീ-പൊസിഷൻ ചെയ്യുക. മഹത്തായ ഒരു മാറ്റമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് ഓരോ ഉപഭോക്താവിനും ഫീൽ ചെയ്യണം.
14. ഒരു പ്രീമിയം ക്ലാസ്സ് കോഫീ ഹൗസിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുക.
15. കോഫിയുടെ അഥോറിറ്റിയായി മാറാൻ ശ്രമിക്കുക. സ്റ്റാർബക്സ് കോഫീ ലോകത്തിലെ പവർഫുൾ ബ്രാന്റുകളിലൊന്ന് ആയതുപോലെ ഒരു ശ്രമം.
16. ആരോഗ്യപരമായ ഭക്ഷണം എന്ന ആശയം നടപ്പിൽ വരുത്തി പൊറോട്ടപോലുള്ള വസ്തുക്കളെ ഒഴിവാക്കാം. ഭക്ഷണം മരുന്നായി കരുതപ്പെടുന്ന നമ്മുടെ ആയുർ സംസ്കാരത്തിന്റെ ഒരു ധ്വനി. (പൊറോട്ട പ്രേമികൾ പൊറുക്കുക)
17. കസ്റ്റമർ റിസർച്ച് നടത്താനും ഫീഡ്ബാക്ക് കളക്റ്റ് ചെയ്യാനും ഏറ്റവും സൗകര്യമുള്ള ഒന്നാണ് റസ്റ്ററന്റ്. പ്രശ്നങ്ങളും അസംതൃപ്തികളും പഠിക്കാൻ കസ്റ്റമർ സർവ്വേകളെ പ്രയോജനപ്പെടുത്തുക. (ചുമ്മാ ഒരു കംപ്ലയിന്റ് പുസ്തകം വച്ചതുകൊണ്ട് ഇത് സാധിക്കില്ല.)
18. ബ്രാന്റ് ഇമേജ് ഉയർത്തുന്ന വിധം പരസ്യങ്ങൾ (കമ്മ്യൂണിക്കേഷൻ) ചെയ്യുക.
19. വെബ്സൈറ്റ് പരിഷ്ക്കരിക്കുകയും ഉപയോഗപ്രദമായ ഒന്നാക്കുകയും ചെയ്യുക. കേരളത്തെ അതിലൂടെ അറിയാനല്ല അനുഭവിക്കാൻ കഴിയണം.
അതാത് മേഖലയിലെ പ്രഫഷണലുകളുടെ സഹായം തേടുന്നതിലാണ് ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരും ഭരണതലത്തിലുള്ളവരും ശ്രദ്ധിക്കേണ്ടത്. കഴിവു തെളിയിച്ച പ്രഫഷണലുകളുടെ സേവനം ഓരോ കാര്യത്തിലും ലഭ്യമാക്കണം.
ആരംഭിച്ച കാലത്ത് ഏറ്റവും ആധുനികവും വിപ്ലവാത്മകവുമായിരുന്ന ഇന്ത്യൻ കോഫീഹൗസ് എന്നും ആധുനികമായിരിക്കാനും പുരോഗമിച്ചുകൊണ്ടിരിക്കാനും ശ്രമിച്ചുകൊണ്ടേയിരിക്കണം. അതിന് പ്രഫഷണലിസത്തിന്റെ പാതയല്ലാതെ മറ്റൊന്നുമില്ല.
പല അർത്ഥത്തിലും ഇത് കേരളത്തിന്റെ വികാരവും അഭിമാനവുമാണ്. കേരളത്തിന്റെ തനിമയുള്ള ഒരു ഐക്കൺ ആണിത്. ഒപ്പം ഒരു പവർഫുൾ ബ്രാന്റും, വിജയിച്ച ഒരു ബിസ്നസ് മോഡലുമാണ്.