ആദ്യം നിങ്ങളുടെ സെക്യൂരിറ്റികളെ നിലക്ക് നിർത്തൂ. എന്നിട്ടാകാം പ്രമോഷൻ.!

ആഘോഷകാലങ്ങൾ ഓഫർ-ഷോപ്പിങ്ങിന്റെ കാലമായി മാറിയിരിക്കുന്നു. പത്രത്താളുകൾ മുഴുവൻ വിലകുറവിന്റെയും, സൗജന്യങ്ങളുടെയും നേട്ടങ്ങളുടെയും പരസ്യങ്ങളാൽ നിറയുന്നു.
ജനം ഇവയിൽ നിന്ന് കഷ്ടപ്പെട്ട് ഓഫറുകൾ മനസ്സിലാക്കി തുണിക്കടകളിലേക്കും ഹോം അപ്ലയൻസ് ഷോപ്പുകളിലേക്കും ഹൈപ്പർ / സൂപ്പർ മാർക്കറ്റുകളിലേക്കും നേരെ കുതിക്കുന്നു.
എന്നാൽ പലപ്പോഴും അവിടെ നിങ്ങളെ കാത്തിരിക്കുന്നത് കുറേ സെക്യൂരിറ്റികളുടെ മോശം പെരുമാറ്റങ്ങളായിരിക്കും.

സെക്യൂരിറ്റികൾക്കുണ്ടോ കസ്റ്റമർ എക്സ്പീരിയൻസും, ഷോപ്പിങ് അനുഭവങ്ങളും, കസ്റ്റമർ സെന്റേർഡ് ഓപ്പറേഷൻസും? അവർക്ക് നിങ്ങൾ ആ സ്ഥാപനം ആക്രമിക്കാൻ വന്നവരാണ്. അവർ നിങ്ങളുടെ മേൽ ചാടിവീണുകളയും. വാഹനങ്ങളിൽ വന്നിറങ്ങിയ നിങ്ങളെ അവരുടെ പാർക്കിങ് ചട്ടങ്ങൾ പഠിപ്പിക്കാനും വേണമെങ്കിൽ ഓടിച്ചുവിടാനും ശ്രമിക്കും.

അവരുടെ താക്കീത് കലർന്ന നോട്ടം, പരുക്കൻ വാക്കുകൾ, അഹങ്കാരത്തിന്റെ ശരീരഭാഷ ഇതെല്ലാം ഉണ്ടാക്കുന്ന കയ്പ്പ് കലർന്ന ആന്റി-കസ്റ്റമർ അനുഭവം, എത്ര തരുണികൾ കൂപ്പുകൈ കാട്ടി പുഞ്ചിരി സമ്മാനിച്ചാലും തീരില്ല. അപ്പോൾ പലരും ആ ബിസിനസ് ഉടമയുടെ മാതാ-പിതാക്കളെ സ്മരിച്ചെന്നിരിക്കും. അതിൽ തെറ്റുപറയാനാകുമോ?

സത്യത്തിൽ നിങ്ങൾ ക്ഷണിച്ചിട്ടാണ് കസ്റ്റമർ വരുന്നത് എന്ന് സെക്യൂരിറ്റികൾക്ക് അറിയില്ല. നിങ്ങളുടെ സ്വപ്നങ്ങൾ സഫലമാക്കാൻ എത്തുന്നവരെയാണ് സെക്യൂരിറ്റികൾ ഇങ്ങനെ പരുഷമായി നേരിടുന്നത്. ഈ സെക്യൂരിറ്റികൾക്കുള്ള ശമ്പളം കൊടുക്കാനുള്ള പണം കയ്യിൽ പിടിച്ചെത്തുന്നവരെയാണ് അവർ ഓടിച്ചുവിടുംവിധം അപമാനിക്കുന്നത്.

വാഹന പാർക്കിങ് മുതലാണല്ലോ കൂടുതൽ പേരും ഒരു സ്ഥാപനവുമായി കസ്റ്റമർ എന്ന നിലയിൽ ഇടപെട്ട് തുടങ്ങുന്നത്?
കൂടുതൽ പേർക്കും ഒരുകൊച്ച് അപമാനം സമ്മാനിച്ചായിരിക്കും സെക്യൂറിറ്റികൾ സായൂജ്യമടയുന്നത്. അവരെ സംബന്ധിച്ചിടത്തോളം ജോലിഭാരം കൂടുന്ന സമയമാണിത്. ആഘോഷിക്കാനാകാതെ ആഘോഷിക്കാൻ എത്തുന്നവരെ കാണുമ്പോൾ ഒരു ചെറിയ ഫ്രസ്ട്രേഷൻ ഉണ്ടാകുന്നത് സ്വാഭാവികം. അതിനാലായിരിക്കാം ഷോപ്പിങ്ങിനു വരുന്നവർ അതിർത്തിയിലെ നുഴഞ്ഞു കയറ്റക്കാരായി ചില സെക്യൂരിറ്റി ചേട്ടന്മാർക്ക് തോന്നൽ വരുന്നത്.

എന്നാൽ സെക്യൂരിറ്റികൾ എല്ലാവരും ഇങ്ങനെയല്ല. മാന്യമായി പെരുമാറിക്കൊണ്ട് നമ്മളെകൊണ്ട് മാക്സിമം സന്തോഷത്തോടെ സഹകരിപ്പിക്കുന്നവരും അവരിലുണ്ട്.

ഒരു കസ്റ്റമർക്ക് ഇത്തരം അനുഭവം ഉണ്ടാകുമ്പോൾ അവർ നിങ്ങളുടെ അടുത്ത് വന്നു പരാതി പറയും എന്ന് കരുതരുത്. പരാതി കേൾക്കാത്തതിനാൽ അവിടെ കാര്യങ്ങൾ ഭംഗിയായി നടക്കുന്നു എന്നും കരുതണ്ട. കാരണം നിങ്ങളെ നന്നാക്കിയെടുക്കുക എന്നത് കസ്റ്റമറുടെ ജോലിയല്ല. അത്തരം കാര്യങ്ങൾ കണ്ടെത്താൻ നിങ്ങൾക്കാണ് സംവിധാനമുണ്ടാകേണ്ടത്.

നിങ്ങളുടെ കസ്റ്റമർ ആറ്റിറ്റ്യൂഡിന്റെ പ്രതിഫലനമാണ് അവിടെ തെളിയുന്നത്. നിങ്ങളുടെ ഇല്ലാത്ത പ്രഫഷണലിസത്തിന്റെ പ്രതിഫലനമാണിവ. നിങ്ങൾ മണി-ഡ്രിവൺ കമ്പനിയാണോ അതോ വാല്യൂ-ഡ്രിവൺ ആണോ എന്ന് അതിലൂടെ അറിയാം. നിങ്ങൾ ‘വേണമെങ്കിൽ വാങ്ങി പോടാ’ എന്ന് ചിന്തിക്കുന്ന ആന്റി കസ്റ്റമർ മനോഭാവമുള്ളവരാണോ അതോ കസ്റ്റമർ ഫ്രണ്ട്ലി ആണോ എന്ന് അതിലൂടെ മനസ്സിലാക്കാം. നിങ്ങൾ ഒരു വിൻ-വിൻ സിറ്റുവേഷൻ സൃഷ്ടിക്കുകയും അതിലൂടെ നല്ല കൂറുള്ള ഒരു കസ്റ്റമർ ബേസ് ഉണ്ടാക്കുകയും ചെയ്യുന്നുണ്ടോ എന്ന് അതിലൂടെ വെളിവാകും.

ഒരു കസ്റ്റമർ നിങ്ങളെ തേടി വരുന്നെങ്കിൽ അതിൽ ഒരു കോസ്റ്റ് ഇൻവോൾവ് ചെയ്യുന്നുണ്ട്. അതായത് ഒരുപാട് പണം ചിലവഴിച്ചാണ് ഒരു കസ്റ്റമർ അവിടെ വന്നെത്തുന്നത്. നിങ്ങളിൽ വിശ്വസിച്ച്, നിങ്ങളുടെ ഓഫറുകളിൽ വിശ്വസിച്ച്. ഇത് ഓഫർ കാലത്ത് മാത്രം സംഭവിക്കുന്ന കാര്യമൊന്നുമല്ല.

ഇടക്ക് നിങ്ങൾ സെക്യൂരിറ്റികൾക്ക് കസ്റ്റമർ ഹാൻഡിലിങ്ങിൽ ട്രെയിനിങ് കൊടുക്കുക. മാസത്തിൽ ഒരുതവണയെങ്കിലും. കൃത്യമായി മോണിറ്റർ ചെയ്യുക. പ്രശ്നക്കാരെ സ്പോട്ടിൽ പറഞ്ഞുവിടുക. അവർ മറ്റ് ജോലികൾ കണ്ടെത്തികൊള്ളും. ഇക്കാലത്ത് ജോലിക്കാണോ പഞ്ഞം?

കസ്റ്റമർ സെന്റേഡ് കമ്പനി എന്നത് പറയാനും, കേൾക്കാനും, വായിക്കാനും സുഖകരമെങ്കിലും നടപ്പാക്കുന്നതിലാണ് വെല്ലുവിളി.

Leave a Comment

Your email address will not be published. Required fields are marked *