അതേ വാങ്ങൂ എന്ന് നിങ്ങൾ നിർബന്ധം കാണിച്ചിട്ടുണ്ടോ?
“പിയേഴ്സ് മാത്രമേ വാങ്ങൂ.” “ഇവിടെ ഡോവ് ഇല്ലെങ്കിൽ വേണ്ട.” “ആശിർവാദ് ആട്ട, അല്ലെങ്കിൽ അന്നപൂർണ.” “ഏരിയൽ ഇല്ലെങ്കിൽ സർഫ്-എക്സൽ അതില്ലെങ്കിൽ വേണ്ട.”
“ഡെറ്റോൾ മതി.” “വിക്സ് ഉണ്ടെങ്കിൽ താ.” “എലൈറ്റ് ബ്രെഡ്, അല്ലെങ്കിൽ മോഡേൺ, ഇല്ലെങ്കിൽ വേണ്ട.” ഇങ്ങിനെയൊക്കെ നിങ്ങൾ ചിന്തിച്ചിട്ടോ പറഞ്ഞിട്ടോ ഇല്ലേ?
എങ്ങിനെയാണ് ഇത്തരം ചിന്തകളും നിർബന്ധങ്ങളും നമ്മിൽ ഉണ്ടായി വരുന്നത്? സത്യത്തിൽ മുകളിൽ പറഞ്ഞവ എല്ലാം ഫിസിക്കൽ ഉൽപ്പന്നങ്ങൾ മാത്രമാണ്. ആർക്കും ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നവ.
ആ ഉൽപ്പന്നങ്ങൾക്ക് ചുറ്റും സ്വീകാര്യതയുടെ ഒരു ലെയർ ഉണ്ട്. ആ ലെയറുകളിലാണ് ഈ ഉൽപ്പന്നങ്ങളുടെ മൂല്യവും, അകർഷണവും, തൃപ്തിയും, ഇമേജും, പൊസിഷനും എല്ലാം എല്ലാം ഒളിഞ്ഞിരിക്കുന്നത്.
ഈ ലെയറുകളിൽ നിന്നാണ് ബ്രാൻഡ് ലോയാലിറ്റികൾ രൂപമെടുക്കുന്നത്. ഈ ലെയറുകളാണ് നമ്മിൽ വിശ്വാസം സ്ഥാപിച്ചെടുക്കുന്നത്.
നിർഭാഗ്യകരമെന്നുപറയട്ടെ, നമ്മൾ മലയാളികൾ ഇത്തരം ഒരും ലെയറിൽ ഒരു വലിയ ശാസ്ത്രം ഒളിഞ്ഞിരിക്കുന്നു എന്ന് കൃത്യമായി അറിയാനോ പഠിക്കാനോ ശ്രമിക്കുന്നില്ല. ലോകത്തിന്റെ മാർക്കറ്റിങ് ശാസ്ത്രം മുഴുവൻ ശ്രദ്ധ കൊടുക്കുന്നത് ഈ ലെയർ സൃഷ്ടിക്കുന്നതിലാണ് എന്ന് മനസ്സിലാക്കുക പോലും ചെയ്യാതെ ക്വാളിറ്റി ഉൽപ്പന്നം ഉണ്ടാക്കിയാൽ എല്ലാമായി എന്ന് ധരിക്കുകയും അതിൽ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നു. ഒടുവിൽ ക്വാളിറ്റിയുമില്ല വിജയവുമില്ലാതെ ശ്രമങ്ങൾ മുഴുവൻ നഷ്ടകച്ചവടത്തിൽ പര്യവസാനിക്കുന്നു.
നമ്മുടെ കുടുംബശ്രീ പദ്ധതിയെ മുൻ നിർത്തി നമുക്ക്
ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കാം.
– – – – – – – – – – – – – – – – – – – – – – – – – – –
1. ഇത്തരം ഒരു ലോയാലിറ്റി ഏതെങ്കിലും ഒരു കുടുംബശ്രീ ഉല്പന്നത്തോട് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?
2. ആർക്കെങ്കിലും അങ്ങിനെ തോന്നിയതായി നിങ്ങൾക്ക് അറിയുമോ?
3. സ്ഥിരമായി കുടുംബശ്രീ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്ന ഏതെങ്കിലും കുടുംബശ്രീ ഉദ്യോഗസ്ഥരെ നിങ്ങൾക്കറിയാമോ ?
4. കുടുംബശ്രീയിൽ പഠിപ്പിക്കാൻ /ട്രെയിനിങ് കൊടുക്കാൻ പോകുന്ന ആരെങ്കിലും ഇതിന്റെ സ്ഥിര ഉപഭോക്താവായി ഉണ്ടോ ?
5. വകുപ്പുമായി ബന്ധപ്പെട്ട മന്ത്രിമാർ ആരെങ്കിലും, ഉപദേശക സമതിയിലെ ആരെങ്കിലും, വീട്ടിൽ ഉപയോഗിച്ചു വരുന്നുണ്ടോ?
6. രാഷ്ട്രീയ പ്രവർത്തകർ ആരെങ്കിലും സ്വന്തം വീട്ടിൽ ഇത് വാങ്ങാൻ കർശനമായി നിർദ്ദേശിക്കുമോ?
7. കുടുംബശ്രീയുടെ ഈകോമേഴ്സ് സൈറ്റ്ലൂടെ ആരെങ്കിലും ഏതെങ്കിലും ഉല്പന്നം വാങ്ങിയതായി അറിയുമോ? അങ്ങിനെ ഒരു സൈറ്റ് ഉള്ളതായി നിങ്ങൾക്കറിയമോ?
8. എല്ലാം പോകട്ടെ, മറ്റേതെങ്കിലും കുടുംബശ്രീ പ്രവർത്തകർ സ്ഥിരമായി കുടുംബശ്രീ തന്നെ വാങ്ങുന്നത് അറിയാമോ? സത്യം പറയണം.!
9. കുടുംബശ്രീ മേളകളിൽ നിങ്ങൾ സഹതാപത്തിന്റെയോ , സഹകരണ മനോഭാവത്തിന്റെയോ പുറത്തല്ലേ പലതും വാങ്ങാറുള്ളത് ? മിക്ക ഉൽപ്പന്നങ്ങൾക്കും സാമാന്യം ക്വാളിറ്റി ഉണ്ടായിട്ടും അവ വീണ്ടും വീണ്ടും വാങ്ങാൻ ശ്രമിച്ചിട്ടുണ്ടോ?
10. പൊതുവേ നിഷ്ക്കളങ്കരായ ഈ ‘അമ്മ- സഹോദരിമാർക്ക് ആത്മാർത്ഥത ഇല്ലെന്ന് ആരെങ്കിലും കരുതുന്നോ? അവർക്ക് സത്യസന്ധത ഇല്ലെന്ന് കരുതാമോ?
11. അവർക്ക് സ്കില്ലുകളും, സാമർത്ഥ്യങ്ങളും ഓർഗനൈനിസിങ് കപ്പാസിറ്റിയും സെയിൽസ്മാൻ ഷിപ്പും, ഇല്ലെന്ന് കരുതുന്നുണ്ടോ?
12. ഇവർ പരിശ്രമികളല്ല എന്ന് നിങ്ങൾ കരുതുന്നുവോ?
13. പിന്നെ എന്തുകൊണ്ടാണ് അച്ചാർ, കറിപൗഡർ, സോപ്പ്, ക്ലീനിങ് ലിക്വിഡ്, മാക്സി, കരകൗശലം തുടങ്ങിയ തനിയാവർത്തനങ്ങളിൽ ഇവർ ചെയ്യുന്ന സംരഭങ്ങൾ വേണ്ടത്ര ശോഭിക്കാതെ പോകുന്നത്?
14. കുഴപ്പം മുഴുവൻ ഇവരെ നയിക്കുന്നവർക്കാണോ? ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന സർക്കാർ ജോലിക്കാർ ആണോ ഇവരെ നയിക്കുന്നത്? നയിക്കേണ്ടത്? ഒരു ചായക്കട നടത്തിപോലും വിജയിപ്പിച്ച് പരിചയമുള്ളവരാണോ ഇവരെ നയിക്കുന്നത്?
15. ഏതാനും സംരംഭങ്ങൾ ഒഴികെ എൺപത് ശതമാനം കുടുംബശ്രീകളും വായ്പ പങ്കിട്ട് എടുക്കുന്ന ഒരു പരിപാടിയായി ഇന്ന് മാറിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ എന്തൊക്കെയായിരിക്കാം?
16. കേരളക്കരയാകെ വ്യാപിച്ചുകിടക്കുന്ന, ഗ്രാമങ്ങളിലും നഗരങ്ങളിലും കോടികണക്കിന് ജനഹൃദയങ്ങളെ സ്പർശിക്കാൻ കഴിയുന്നവർ ആയിട്ടും ഇവരുടെ ശ്രമങ്ങൾ പാഴായി പോകുന്നതായി തോന്നിയിട്ടുണ്ടോ?
17. അടിസ്ഥാനമായി, ഇതിൽ പ്രവർത്തിക്കുന്ന കുടുംബങ്ങളിൽ സാമ്പത്തികമായ പ്രകാശം ഉണ്ടാകുന്നുണ്ടോ?
– – – – – –
ഒരു കളക്ററ്റീവ് ബ്രാൻഡ്., ശരിക്കുപയോഗിച്ചാൽ ഏത് വമ്പൻ കുത്തകയെയും മുട്ടുകുത്തിക്കാൻ വേണ്ട പലവിധ പൊട്ടൻഷ്യൽ ഉള്ള ഒരു ബിസിനസ്സ് മോഡൽ. എന്നിട്ടും എന്തുകൊണ്ടാണ് ഈ ശ്രമം സാമ്പത്തികമായി ശോഭിക്കാതെ പോകുന്നത്?
അവരെ നയിക്കുന്നവരുടെ ഓൺട്രപ്രെണർ കാഴ്ചപ്പാടുകളുടെ കുറവോ? മാർക്കെറ്റിങ് കോംപീറ്റൻസിയുടെ അഭാവമോ? പ്രോഡക്ട് ഡിസൈൻനിന്റെ, ക്രിയേറ്റീവ് കമ്യൂണിക്കേഷന്റെ ഒക്കെ കുറവുകൊണ്ടോ.?
ഇതൊക്കെ ഈ ലോകത്ത് പലരും സായത്തമാക്കുമ്പോൾ എന്തുകൊണ്ട് ഇക്കാര്യത്തിൽ മാത്രം നമുക്ക് ശാസ്ത്രീയ കാഴ്ചപ്പാടുകൾ ഇല്ലാതായിപ്പോയി?