ഒരു കർഷകൻ വിജയിച്ചാൽ അയാൾ നമുക്ക് ഒന്നും വീതിച്ചുതരുന്നില്ലെങ്കിലും അയാൾ വിജയിക്കണമെന്ന് ഞങ്ങളടങ്ങുന്ന മലയാളി സമൂഹം മനസ്സറിഞ്ഞു ആഗ്രഹിക്കുന്നു. അയാളുടെ വിള നശിച്ചാൽ നമുക്ക് സഹിക്കില്ല. എന്നാൽ ഒരു ബിസിനസ്സുകാരന്റെ പ്രൊജെക്റ്റോ, മാർക്കറ്റിങ്ങോ, പ്രമോഷനോ, പരസ്യമോ പൊളിഞ്ഞാൽ നമ്മൾ മലയാളികളെ സംബന്ധിച്ച് അത് അയാളുടെ മാത്രം കാര്യമാണ്. കുറേപ്പേർക്ക് അതൊരു ആഘോഷം പോലുമാണ്.!
നമുക്ക് പ്രത്യേകിച്ചൊരു ഖേദവുമില്ല. കർഷക ആത്മഹത്യകൾ കേൾക്കുമ്പോൾ ഖേദിക്കുന്ന നമുക്ക് അതിന്റെ പതിന്മടങ്ങ് എണ്ണം ചെറുകിട സംരംഭകർ ആത്മഹത്യ ചെയ്യുമ്പോൾ ആ അളവിലോരു ദുഖം ഉണ്ടാകാറുണ്ടോ?
ബിസിനസ്സുകൾ വികസിക്കുമ്പോൾ രാജ്യം വികസിക്കും എന്ന് നമുക്കറിയാം. അപ്പോൾ ബിസിനസ്സുകൾ നശിച്ചാൽ എങ്ങിനെയാണ് നമ്മൾ നശിക്കാതിരിക്കുന്നത്?
പറയൂ, കർഷകനെ പോലെ നാടിനും നാട്ടുകാർക്കും നേട്ടമുണ്ടാക്കുന്നവരല്ലേ സംരംഭകരും? നാടിന്റെ വരുമാന സ്രോതസ്സല്ലേ ഓരോ സംരംഭവും? എത്ര നികുതിയാണ് ഓരോ ബിസിനസ്സുകാരും സർക്കാരിലേക്ക് നല്കുന്നത്? എത്ര പേർക്കാണ് അവർ തൊഴിൽ നല്കുന്നത്? അതുവഴി എത്ര കുടുംബങ്ങളിൽ വെളിച്ചമുണ്ടാകുന്നു? അന്യദേശങ്ങളിലേക്ക് ഒഴുകി പോകുന്ന നമ്മുടെ പണമല്ലേ ഓരോ സംരഭകനും ഇവിടെത്തന്നെ പിടിച്ചുനിർത്തുന്നത്? നമ്മുടെ ബിസിനസ്സ് സ്ഥാപനങ്ങളിലൂടെ അന്യ ദേശങ്ങളിൽ നിന്നും പണമിവിടെ വരുന്നില്ലേ?
നമ്മളിന്നു ആസ്വദിക്കുന്ന ജീവിത സൌകര്യങ്ങൾക്ക് പിന്നിലെല്ലാം സംരംഭകരും, വ്യവസായികളും, വ്യാപാ രികളും, പ്രവാസികളായ സഹോദരങ്ങളുമാണ് എന്ന് മറക്കരുത്. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വാഹനങ്ങൾ, സൌന്ദര്യ വർധക വസ്തുക്കൾ, അകർഷകമായ വസ്ത്രങ്ങളും ആക്സസ്സറികളും, ഭക്ഷണങ്ങളും, എൻടെർടൈൻ മെന്റുകളും, നിർമ്മാണ ഉപാധികളും എല്ലാമെല്ലാം ഉണ്ടാകുന്നത് സംരഭങ്ങളിൽ നിന്നാണ്. ഒരുപക്ഷേ ഈ പോസ്റ്റ് വായിക്കുന്ന നിങ്ങളടക്കം ലോകത്തിലെ ഭൂരിഭാഗം ജനങ്ങൾക്കും തൊഴിൽ എടുക്കാൻ സാഹചര്യമുണ്ടായതും വരുമാനമുണ്ടായതും സംരഭകർ സൃഷ്ടിച്ച അവസരങ്ങൾ കൊണ്ടല്ലേ? പ്രവാസികൾ അയക്കുന്ന സമ്പത്തുകൊണ്ടല്ലേ?
ഇങ്ങനെയൊന്നുമല്ലെങ്കിൽ നാമിപ്പോഴും വാരിക്കുന്തവും ഉരച്ച് കൂർപ്പിച്ച് ഗുഹയിൽ നിന്നിറങ്ങി മുള്ളൻ പന്നിയെ അന്വേഷിച്ച് നടക്കുമായിരുന്നു.
എന്നാൽ, തീർച്ചയായും നാടിനെ ദ്രോഹിക്കുന്ന സംരംഭകരും ഉണ്ട്. ജനദ്രോഹങ്ങൾ ഏത് മേഖലയിലാണ് ഇല്ലാത്തത്? അത് നിയന്ത്രിക്കാൻ ഉള്ള നമ്മുടെ സംവിധാനങ്ങളുടെ വീഴ്ചയാലല്ലേ അത് സംഭവിക്കുന്നത്.? അക്കാര്യങ്ങളിൽ ആ ബിസിനസ്സുകാരും സംവിധാനങ്ങളും ഒരുപോലെ കുറ്റക്കാരാണ്.
വിഷത്തിൽ കുളിപ്പിച്ച പച്ചക്കറികൾ നമുക്കുതന്ന്, കൂമ്പ് ചെത്തി രാസപ്രയോഗം നടത്തി, മാരക ഹോർമോണുകൾ ഉപയോഗിച്ച് വിളവുകൾക്ക് മുഴുപ്പുണ്ടാക്കി, മാരകമായ ഫൂറുഡാൻ തീവ്രമായി വാഴകൃഷിയിൽ പ്രയോഗിച്ച് കുഞ്ഞുങ്ങൾ മുതൽ രോഗികൾ വരെയുള്ള മനുഷ്യരെ കടുത്ത ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളി വിടുന്ന ചില കർഷകരുമുണ്ടല്ലോ.! എന്നിട്ടും നമ്മളാരും കർഷകരെ അടച്ചാക്ഷേപിക്കറില്ല. അവരെ സ്നേഹോഷ്മള മായിത്തന്നെ ഞങ്ങൾ ഇപ്പോഴും ചേർത്തുപിടിക്കുന്നു.
സത്യത്തിൽ നമ്മൾ കേരളം കുറച്ചെങ്കിലും അനുഭവിക്കുന്ന സാമ്പത്തിക ഭദ്രതയ്ക്ക് നാം അർദ്രതയോടെ കൈകൂപ്പേണ്ടത് കർഷകർക്കല്ല. സംഭകർക്കുമല്ല. പ്രവാസ ലോകത്ത് വർഷങ്ങളായി അദ്വാനിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കാണ്.! (നാലു വട്ടം സിംഗപ്പൂർ സൃഷ്ടിക്കാനുള്ള സമ്പത്ത് നാം ആസൂത്രണത്തിന്റെ അഭാവംകൊണ്ട് മത്തിവാങ്ങിയും വീടുപണിതും നശിപ്പിച്ചു എന്നാണ് സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെട്ടിട്ടുള്ളത്.)
താല്പര്യം നഷ്ടപ്പെട്ട തരിശുകളിൽ നിന്ന് എന്ത് കാർഷിക വരുമാനം കിട്ടാൻ?
വികലമായ ഓൺട്രപ്രണർ മനോഭാവങ്ങളാൽ അകന്നുപോയ ബിസിനസ്സ് സംരംഭങ്ങൾ നമുക്ക് വരുമാനം കൊണ്ടുതരുമോ? ഒരു പ്രവാസി അവന്റെ ജീവിതം കൊണ്ട് നേടിയ അറിവും അനുഭവവും സമ്പാദ്യവും കൊണ്ട് കേരളത്തിൽ വന്ന് എന്തെങ്കിലും തുടങ്ങാൻ ധൈര്യം കാണിച്ചാൽ അവരോട് കാണിക്കുന്ന കടുത്ത അസഹിഷ്ണതക്കും മത്സരത്തിനും ശത്രുതക്കും എന്താണ് കാരണം?
ഒരു പ്രവാസി ഇവിടെ തരിച്ചെത്തി ഒരു സംരംഭം തുടങ്ങാൻ ശ്രമിക്കാനായി സമൂഹമെന്ന നിലയിൽ നമ്മൾ എന്ത് അനുകൂല സാഹചര്യമാണ് ഒരുക്കിയിട്ടുള്ളത്?
ബിസിനസ്സുകളോടുള്ള ഈ ആറ്റിറ്റ്യൂഡുകൾ മാറണമെങ്കിൽ സംരഭക ശീലങ്ങൾ കുഞ്ഞുനാളിലേ പകർന്നുനൽകണം. എങ്ങിനെ ബിസിനസ്സ് ചെയ്യാം എന്ന് സ്കൂളിൽ വച്ചേ ചിന്തിച്ചു തുടങ്ങണം.
ആരുടെയെങ്കിലും കീഴിൽ പണിയെടുക്കാൻവേണ്ട അറിവും അനുസരണയും മാത്രമാണ് നാളിതുവരെ നമ്മുടെ വിദ്യാഭ്യാസം പകർന്നു നൽകിയത്. എങ്ങിനെ പണമുണ്ടാക്കാം?, എങ്ങിനെ വികസിക്കാം?, എന്നൊക്കെ ചിന്തിക്കുന്ന ശീലം ബാല്യത്തിലേ ഉണ്ടായി വരണം. അങ്ങിനെ ചിന്തിക്കുന്നത് തെറ്റാണോ? എങ്ങിനെ പണമുണ്ടാക്കാം എന്നു ആലോചിക്കുന്നത് ചീത്ത ശീലമാണോ? എങ്കിൽ മുതിർന്നാൽ അത്തരത്തിൽ ചിന്തിക്കുന്ന വലിയൊരു തെറ്റുകാരനെ തേടിയാണ് നമ്മൾ ഓടുന്നത്, ആയാളുടെ കീഴിൽ പണിയെടുക്കാൻ…!
കുഞ്ഞുനാളിലേ ബിസിനസ്സ് ചെയ്യാനും വികസിക്കാനുമുള്ള പ്രാഥമിക അറിവെങ്കിലും നൽകണം. അതിനായി “ടീച്ചർ” എന്ന തൊഴിലാളിയെ ഏൽപ്പിക്കരുതെന്നു മാത്രം.
ഒരു പലചരക്ക് കടക്കാരൻ അവർക്ക് ക്ലാസ് എടുക്കട്ടെ. ഒരു ബിസ്ക്കറ്റ് ബ്രാൻഡ് ഉടമ ക്ലാസ് എടുക്കട്ടെ. ഒരു ടൊയ്ലറ്റ് സോപ്പ് distributor, ഒരു അഡ്വർടൈസിങ് കമ്പനി ഉടമ, ഒരു അഗ്രി-നേഴ്സറി ഉടമ, ഒരു സോഫ്റ്റ്വെയർ ഉടമ ഇവരൊക്കെ ക്ലാസ്സുകൾ എടുക്കട്ടെ. എന്താണ് ട്രേഡ് ലൈസൻസ് എന്ന് ഏഴാം ക്ലാസ്സുകാരൻ അറിഞ്ഞാൽ എന്താണ് തെറ്റ്? എന്താണ് എക്സ്പോർട്ട് ബിസിനസ്സിന്റെ രീതികൾ എന്നവര് അറിഞ്ഞാൽ കുഴപ്പമുണ്ടോ? അവർക്കത് മനസ്സിലാകുമോ എന്ന് ശങ്കിക്കേണ്ട. ക്വാണ്ടം ഫിസിക്സ് ഉം ഐൻസ്റ്റീൻ തിയറികളും അവർക്ക് മനസ്സിലാകുമെങ്കിൽ അവർക്കിത് ഒന്നേ രണ്ട് ചൊല്ലുന്ന പോലെയാണ്.
എന്താണ് കസ്റ്റമർ എന്നും, എന്താണ് കസ്റ്റമർ ലോയാലിറ്റി എന്നും, എങ്ങിനെയൊക്കെ അത് നേടാം എന്നും ആ കുഞ്ഞു ബുദ്ധിയിൽ, ഭാവനയിൽ ആശയമായി ഉയർന്നുവന്നാൽ എന്ത് പ്രശ്നമാണ് ഉണ്ടാവുക?
സ്കൂളുകളിൽ ക്ലാസ് അടിസ്ഥാനത്തിൽ കൃഷിയിൽ ചെറിയ പ്രോജെക്ട്കൾ ഉണ്ടായിരുന്നു. അതുപോലെ കുട്ടികൾക്ക് കൊച്ചു കൊച്ചു ബിസിനസ് പ്രോജക്ടുകൾ തുടങ്ങാൻ സാഹചര്യം വരട്ടെ. അപ്പോൾ കാണാം കുട്ടികളുടെ ഭാവനകൾ ഉണരുന്നത്. ആക്ഷനുകൾ തുടങ്ങുന്നത്. കഴിവുകൾ പുറത്തുവരുന്നത്. !
കുട്ടികൾ അവരുടെ ‘പീപ്പിൾ സ്കില്ലുകൾ’ പുറത്തെടുക്കാൻ തുടങ്ങും. ആളുകളോട് പെരുമാറുന്നത്, ആളുകളെ ബോധ്യപ്പെടുത്തുന്നത്, പ്രശ്നങ്ങളെ സോൾവ് ചെയ്യുന്നത്, കാര്യങ്ങളെ ഓർഗനൈസ് ചെയ്യുന്നത്. ആരെ വിശ്വസിക്കണം, ആരെ വിശ്വസിക്കാതിരിക്കണം, ആരുമായി ബന്ധങ്ങൾ സ്ഥാപിക്കണം, ആരുമായി അകന്ന് നിൽക്കണം, എന്നൊക്കെ പ്രായോഗികമായി സമൂഹവുമായി നേരിട്ട് ബന്ധപ്പെട്ട് അവർ പഠിച്ചെടുക്കും.
ഒരു കൗണ്സിലിംഗിനും ഇവരെ കൊണ്ടുപോകേണ്ടി വരില്ല. ഒരു പഠന വൈകല്യത്തിനും ആരെയും കാണേണ്ടി വരില്ല. ഒരു മോട്ടിവേഷൻ ക്ലാസ്സിനും പേര് രജിസ്റ്റർ ചെയ്യേണ്ടി വരില്ല. ഒരു മയക്കുമരുന്നിലും ചെന്നുപെടാൻ ഇവർക്ക് നേരമുണ്ടാകില്ല, മനസ്സുമുണ്ടാകില്ല.
പണം, ലക്‌ഷ്യം, ഉയർച്ച, വികാസം ഇതിനെക്കുറിച്ചൊക്കെ അവരിൽ പുതിയ ധാരണകൾ നാമ്പിടും. 8C ക്കാരുടെ പെർഫ്യൂം ബിസിനസ് ആണോ 9A യുടെ ഓൺലൈൻ കേക്ക് സപ്ലൈ ആണോ നന്നാവുന്നത് എന്ന് സ്കൂൾ മുഴുവനും ശ്രദ്ധിച്ചുകൊണ്ടിരിക്കും. 7B യുടെ വളം-കമ്പോസ്റ്റു ബ്രാൻഡ് ആണോ 9B യുടെ സ്കൂൾ ബാഗ് ബ്രാൻഡ് ആണോ കരുത്ത് നേടുന്നത് എന്ന് നോക്കിയിരിക്കാൻ സമൂഹത്തിന്നുമുണ്ടാകില്ലേ കൗതുകം.!
വാല്യൂ അഡിഷണനെ കുറിച്ച്, വാല്യൂ കമ്മ്യൂണിക്കേഷനെക്കുറിച്ച്, കസ്റ്റമർ സാറ്റിസ്ഫാക്ഷൻനെ കുറിച്ച്, വാല്യൂ ഡെലിവറിയെ കുറിച്ചെല്ലാം വിലയേറിയ ധാരണകൾ ഇവരിൽ വളരില്ലേ?
ഇതിൽ വിജയം വരിക്കുന്ന കുട്ടികൾ ലോകത്തെ കാണുന്നതും ജോലികൾ ലക്ഷ്യമിടുന്ന കുട്ടികൾ ലോകത്തെ കാണുന്നതും തീർത്തും വ്യത്യസ്തമാകില്ലേ.?
ഒരു ‘റിസ്ക് ടേക്കിംഗ് ആറ്റിട്യൂഡ്’ കുട്ടികളിലൂടെ രൂപപ്പെട്ട് നാട്ടിൽ മാതൃകയായാൽ നാമാരും നമ്മുടെ നാട്ടിൽ വന്നെത്തുന്ന വിദേശ ടൂറിസ്റ്റുകളെ ഉപദ്രവിച്ച് ഓടിച്ചുവിടില്ല. താരങ്ങളുടെ പാലഭിഷേകത്തിനും തിയറ്ററിൽ കൂവാനും നടക്കില്ല.
കർഷകരെ ഞങ്ങൾ വലത് കരം കൊണ്ട് ആശ്ലേഷിച്ചു നിർത്തുന്നു. ഒപ്പം സംരംഭകരെ അതിരറ്റ സ്നേഹ ബഹുമാനങ്ങളോടെ, തികഞ്ഞ ആദരവോടെ മറുകരം കൊണ്ട് ആശ്ലേഷിക്കുന്നു. ഇതായിരിക്കണം
പൌരബോധമുള്ള ആധുനികന്റെ നിലപാട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
– – – – – – – – – – – –
കുറിപ്പ്: ഈ പോസ്റ്റിന്റെ മുൻ വേർഷനിൽ ചേർക്കാൻ വിട്ടുപോയ ചില വസ്തുതാപരമായ കാര്യങ്ങൾ ഇതിൽ ചേർത്തിട്ടുണ്ട്.