ഒരു മലയാളി ഷാജിയേട്ടൻ, കൊക്കോകോളയുടെ ബ്രാൻഡ് മാനേജർ ആയി വന്നാൽ സംഭവിക്കാവുന്ന 18 കാര്യങ്ങൾ.

1. അഡ്വെർടൈസിങ് ബഡ്ജറ്റ് 90 ശതമാനം വെട്ടിച്ചുരുക്കുന്നു. ( ഏത് കൊച്ചു കുട്ടിക്കും കൊക്കോ കോള അറിയും. പിന്നെന്തിനാ ഇത്ര ബജറ്റ്?) അതുവഴി പ്രോഫിറ്റ് ഉയർത്താൻ ശ്രമിക്കുന്നു. മാനേജ്മെൻറ് കയ്യടിക്കും എന്ന് പ്രതീക്ഷിക്കുന്നു.

2. ബോളിവുഡ് താരങ്ങളെയും ഹൈ-പെയ്ഡ് മോഡലുകളേയും ഒഴിവാക്കുന്നു. പകരം സീരിയൽ നടീ നടന്മാരെ പരീക്ഷിക്കുന്നു. അധിക ചെലവ് വരുത്തുന്ന ബ്രാൻഡ് അംബാസിഡർ എന്ന തസ്തിക വെട്ടിക്കളയുന്നു.
സിഇഓ, പ്രസിഡൻറ്, ചെയർമാൻ, ടോപ്പ് ലെവൽ വിപി കൾ തുടങ്ങിയവരുടെ ഒടുക്കത്തെ അപ്രീസിയേഷൻ പ്രതീക്ഷിച്ച് കൂടെകൂടെ മെയിലുകൾ ചെക്ക് ചെയ്യുന്നു.

3. ഹൈ-എൻഡ് ഫോട്ടോഗ്രാഫി ഒഴിവാക്കി മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ നിർദേശിക്കുന്നു.

4. ലേബൽ ഡിസൈനുകൾ, ലോഗോ, പരസ്യ- ഡിസൈനുകൾ ഇവ സ്കൂൾ – കോളേജ് തലത്തിൽ മത്സരം നടത്തി തിരഞ്ഞെടുക്കുന്നു ( വളരുന്ന പ്രതിഭകൾക്ക് പ്രോത്സാഹനം). ഒന്നാം സമ്മാനം ഒരു പവൻ സ്വർണ നാണയം. അഞ്ച് പ്രോത്സാഹന സമ്മാനങ്ങളായി കൊക്കക്കോള ബോട്ടിലുകൾ.!

5 പരസ്യം എഴുതാനായി സാഹിത്യകാരന്മാരെയും കവികളെയും കണ്ടെത്തുന്നു. സീരിയൽ അസ്സിസ്റ്റന്റ് ഡയറക്ടർ മാരെയോ കല്യാണ വീഡിയോക്കാരെയോ ടിവി പരസ്യങ്ങൾ തയ്യാറാക്കാൻ ഏൽപ്പിക്കുന്നു.

6 . പ്രിന്റ് പ്രൊഡക്ഷൻ, വീഡിയോ പ്രൊഡക്ഷൻ, സോഷ്യൽ മീഡിയ എന്നിവക്ക് ക്വട്ടേഷൻ ക്ഷണിക്കുന്നു. കുറഞ്ഞതായി കോട്ട് ചെയ്തവർക്ക് ഓർഡർ നൽകുന്നു.

7 . വീടുകൾ കയറി പ്രചാരണം നടത്താൻ പഞ്ചായത്ത് തലത്തിൽ വിദ്യാർത്ഥി സംഘങ്ങൾ ഉണ്ടാക്കുന്നു. ഗ്രൂപ്പ് ലീഡർക്ക് പ്രത്യേക പരിശീലനം നൽകുന്നു. കുടിക്കാൻ ഫാമിലി ബോട്ടിൽ കൊകൊകോള!

8 . ഡെലിവറി വാനുകളും ഫ്രിഡ്‌ജുകളും മറ്റു ബ്രാൻഡ് കളുടെ പരസ്യങ്ങൾക്കായി വാടകക്ക് നൽകുന്നു. (കോള കമ്പനികൾ ഒഴികെ). അതുവഴി പുതിയ വരുമാന സ്രോതസ്സ് വെട്ടി തുറക്കുന്നു.

9 . കുട്ടികൾക്ക് നെയിം സ്ലിപ്പുകൾ ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ തുടങ്ങിയ പരസ്യങ്ങൾ അവതരിപ്പിക്കുന്നു.

10. ഗ്രാമങ്ങളിൽ കോള -കുടി മത്സരം സംഘടിപ്പിക്കുന്നു. പരിസരത്ത് 10% ഡിസ്‌കൗണ്ട് റേറ്റിൽ താത്കാലിക കൊക്കോകോള കൗണ്ടർ തുറക്കുന്നു.

11. നാട്ടിപുറത്ത് നടക്കുന്ന പന്തുകളിക്കും ക്രിക്കറ്റ് കളിക്കും ചെറിയ ഒരു കപ്പ് സ്പോൺസർ ചെയ്യുന്നു. അവിടെ താത്കാലിക കൊക്കോകോള കൗണ്ടർ തുറക്കുന്നു. കാണികൾക്കിടയിൽ കൊണ്ട് നടന്ന് വിൽക്കാനുള്ള പദ്ധതിയും നടപ്പാക്കുന്നു .

12. കൊക്കോകോളയുടെ പരസ്യം ഡിടിപി സെൻറർ കളിൽ തയ്യാറാക്കി ശിവകാശിയിൽ അച്ചടിച്ച് പത്രങ്ങളിൽ വച്ച് എല്ലാ വീടുകളിലും എത്തിക്കുന്നു.

13. കടക്കാരെയും ജോലിക്കാരെയും കൊണ്ട് Pepsi യെ പരിഹസിച്ച് പോസ്റ്റുകൾ ഇടീക്കുന്നു. നല്ല പോസ്റ്റുകൾക്ക് ലൈക്കും ഷെയറും നൽകുന്നു.

14. കൊക്കോകോള ബിസ്ക്കറ്റ്, കേക്ക്, കൊക്കോകോള ചൂയിങ്ഗം, കൊക്കോകോള ബിരിയാണി റൈസ്, കൊക്കോ കോള വെന്ത-വെളിച്ചെണ്ണ, കൊക്കോ കോള ഇഡ്ഡലി മാവ്, കൊക്കോ കോള അച്ചാർ തുടങ്ങിയ മേഖലകളിലേക്ക് ബ്രാൻ്റ് എക്സ്റ്റൺഷൻ ചിന്തിച്ച് മാനേജ്മെൻ്റിന് കത്തെഴുതുന്നു.

15. എക്സ്റ്റെൻറ് ചെയ്ത പ്രോഡക്ട് ലൈന് ഒരു കോമൺ ലേബൽ ഉണ്ടാക്കുന്നു. പ്രോഡക്ട് പേരുകൾ സീൽ വയ്ക്കാനുള്ള സ്പേസ് ഇട്ടുകൊണ്ട്.

16. പരസ്യത്തിലുടനീളം ലേബലുകളിൽ അടക്കം, മരണത്തിന്റെ നിറമായതിനാൽ ‘കറുപ്പ് നിറം’ ഒഴിവാക്കുന്നു.

17. ഞങ്ങൾക്ക് ക്വാളിറ്റിയാണ് പ്രധാനം എന്നും ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യില്ല എന്നും ഇടക്കിടക്ക് പറഞ്ഞു കൊണ്ടിരിക്കുന്നു. ആദ്യകാലങളിൽ സൈക്കിളിൻ്റെ പുറകിൽ വച്ച് നടത്തിയ സപ്ലേയുടെ കഥകൾ യൂട്യൂബ് ഇൻ്റർവ്യൂകളിൽ ആവർത്തിക്കുന്നു.

18. ക്വാളിറ്റിയാണ് മുഖ്യമെന്നും അതുണ്ടെങ്കിൽ ആളുകൾ തനിയെ കോള കുടിക്കാൻ വരുമെന്നും പുതിയ സംരംഭകർക്കുള്ള ഉപദേശമായി പറഞ്ഞു വയ്ക്കുന്നു.

– – – – – – – – –
ബാക്കി നിങ്ങൾക്ക് കൂട്ടി ചേർക്കാം.
ഇത്രയും ചെയ്യുമ്പോൾ തന്നെ ഏറ്റവും നല്ല ബ്രാൻഡ് മാനേജർ എന്ന അവാർഡിന് അദ്യേഹം അർഹനാകുന്നു.(?)
പെപ്സി ഇദ്യേഹത്തിന്റെ ഫോൺ നമ്പർ തപ്പി നടക്കുമെന്ന ധാരണയിൽ അദ്യേഹം സ്വപ്നലോകത്ത് സഞ്ചരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *