സ്റ്റോറികൾ എന്ന് പറയുമ്പോൾ ഉടനെ, ആദ്യ കാലങ്ങളിൽ സൈക്കിളിൽ കെട്ടിവെച്ച് വിറ്റു നടന്ന വിരസമായ കഥയോ, എതിർപ്പുകളുണ്ടായിട്ടും സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് ബിസിനസ്സിലേക്കിറങ്ങിയ പഴങ്കഥയോ അല്ല. അവ യൂട്യൂബ് ഇന്റർവ്യൂകളിൽ തട്ടിവിടാമെന്നല്ലാതെ അതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല.
ഇവിടെ സ്റ്റോറികൾ എന്ന് ഉദ്ദേശിക്കുന്നത് ന്യൂസ് സ്റ്റോറികൾ പോലെ ഇൻഫർമേഷൻ അടങ്ങിയ ബിസിനസ്സ് കമ്മ്യൂണിക്കേഷൻ കണ്ടന്റുകളെയാണ്. വലിയ കോർപറേറ്റുകൾക്ക് ഉള്ളപോലെത്തന്നെ പെട്ടിക്കടക്കാരനും സ്റ്റോറികളുണ്ട് എന്ന് ഇടക്കൊന്നു പറഞ്ഞുവെക്കട്ടെ. ടാർഗറ്റ് സ്പെസിഫിക് ആകണം എന്നുമാത്രം.
നിങ്ങളുടെ പ്രോഡക്ട് സ്റ്റോറികൾ, മേക്കിങ്ങ് സ്റ്റോറികൾ, ബ്രാൻഡ് സ്റ്റോറികൾ, മാർക്കറ്റ് സ്റ്റോറികൾ, കസ്റ്റമർ സ്റ്റോറികൾ, പ്രോഡക്റ്റ് ബേസ്‌ഡ് ഹിസ്റ്ററികൾ തുടങ്ങി നിങ്ങളുടെ ബിസിനെസ്സിൽ തന്നെ കഥകളുടെ സ്രോതസ്സുകൾ ഒരുപാടുണ്ട്. അവ കണ്ടെത്താനും കൗതുകകരമായി അവതരിപ്പിക്കാനും കഴിയാത്തതിനാൽ ആ വലിയ അവസരം നിങ്ങൾ ഉപയോഗിക്കുന്നില്ല. അതിനാൽ നിങ്ങളുടെ ഡിലൈറ്റഡ് കസ്റ്റമേഴ്സ് പോലും അവ അറിയുന്നില്ല.
നിങ്ങളുടെ പ്രൊഡക്ഷൻ സിസ്റ്റത്തിൽ ഉപയോഗിക്കുന്നത് വളരെ കൗതുകമുള്ള ഇംപോർട്ടഡ് മെഷീൻ ആണെന്നു കരുത്തുക. ഉദാഹരണത്തിന് അരിയിൽ നിന്ന് കല്ലും, ക്വാളിറ്റി കുറഞ്ഞ അരിയും വേർത്തിരിക്കുന്ന സൂപ്പർ സോർട്ടക്സ് മെഷീൻ. നിങ്ങൾ അതേപ്പറ്റി പബ്ലിക്കിനോട് പറയാത്തിടത്തോളം കാലം ഒരു internal സ്റ്റോറിയായി അത് ഒരുങ്ങി പ്രസക്തി നഷ്ടപ്പെടുന്നു.
നമ്മുടെ മാനുഫാക്‌ച്ചറിങ് സംവിധാനങ്ങളിൽ ഇത്തരം മെഷീനുകളും പ്രോസസ്സുകളും അനേകമനേകമുണ്ട്. നിങ്ങൾ അതൊന്നും ഒരിക്കൽ പോലും അവതരിപ്പിക്കുന്നില്ല.
ഏതൊക്കെ കാര്യം പുതിയ ഒരാളിൽ അത്ഭുതമോ, കൗതുകമോ, മൂല്യമോ, ബഹുമാനമോ, പ്രിയമോ തോന്നിപ്പിക്കുന്നുണ്ടെങ്കിൽ അതൊക്കെ നിങ്ങളുടെ ബിസിനസ്സ്/ ബ്രാൻഡ്/ കോർപ്പറേറ്റ് സ്റ്റോറികളാണ്. കണ്ണും കാതും ബുദ്ധിയും തുറന്നുവെച്ച് നിങ്ങളുടെ അകത്തളങ്ങളിൽ അലഞ്ഞാൽ കഥകൾ കണ്ടെത്താനും അവയെ വേണ്ടത്ര പഞ്ചിൽ അവതരിപ്പിക്കാനും കഴിയും. നിങ്ങൾക്ക് അവയെല്ലാം നിത്യപരിചയം കൊണ്ട് കൗതുകം നഷ്ടപ്പെട്ട ബോറുകളായി മാറിയിട്ടുണ്ടായിരിക്കാം.
കേരളത്തിൽ സംരംഭങ്ങൾ കേമത്തിൽ ഒരു ഉദ്‌ഘാടനം നടത്തും. മന്ത്രിമാരും നേതാക്കളും സിനിമാക്കാരും നിറഞ്ഞു നിൽക്കുന്ന ഒരു ഉത്ഘാടനം. ഏത് സ്റ്റോറി, എന്ത് സ്റ്റോറി ? പിന്നെ ചില ‘വർണ്ണ വിസ്മയ ലോകം’ പോലുള്ള അഹന്തകൾ നിറഞ്ഞ തള്ളുകൾ.! മറ്റൊന്ന് മേന്മയേറിയ…., ഗുണനിലവാരമുള്ള … ഞങ്ങളെ സമീപിക്കുക ലൈൻ.! പിന്നെയുള്ളത് സീസണൽ ഡിസ്‌കൗണ്ട്.!
ലോകം കേൾക്കാൻ കൊതിക്കുകയും, ഇതുവരെ
കേൾക്കാതിരിക്കുകയും, അറിയാൻ വെമ്പുകയും ചെയ്യുന്ന നൂറുനൂറു കാര്യങ്ങളും കഥകളും നിറഞ്ഞ അക്ഷയ ഖനികൾ സ്വന്തം ബിസിനസ്സിലാകെ നിറഞ്ഞിരിക്കുമ്പോൾ മറ്റൊരു കഥയും ഇവർക്ക് ഈ വലിയ ലോകത്തോട് പറയാനില്ല എന്നത് കഷ്ടമാണ്.
ഇനിയുള്ളകാര്യം കുറെയേറെ ഗൗരവമുള്ളതാണ്. അതായത് ജനങ്ങളുടെ ഉള്ളിൽ ഉള്ള നിങ്ങളെപ്പറ്റിയുള്ള കഥകളാണ്.
നല്ലതും ചീത്തയുമായ അനുഭവങ്ങൾ.. നിങ്ങൾക്ക് പ്രവർത്തിക്കാൻ ആവേശം നൽകുന്ന കഥകൾ.. നിങ്ങൾക്ക് തിരുത്തലുകൾ നടത്താൻ സഹായിക്കുന്ന ധാരണകളും വസ്തുതകളും. ജനം അറിയില്ലെന്ന് ധരിച്ച് നിങ്ങൾ നടത്തുന്ന അവരറിയുന്ന കള്ളത്തരങ്ങൾ…. പരദൂഷണങ്ങളിൽ നിന്നും കേട്ടറിവുകളിൽ നിന്നും ജനം അവരുടെ നിലക്ക് നടത്തുന്ന അനുമാനങ്ങൾ… നിങ്ങളിൽ നിന്ന് അവർ പ്രതീക്ഷിച്ചത്.. അവർക്ക് കിട്ടാതെ പോയത്… അവരുടെ ക്വാളിറ്റി സങ്കല്പങ്ങൾ … അവരുടെ സംതൃപ്‌തി സങ്കൽപ്പങ്ങൾ .. അവരുടെ റോൾ മോഡലുകൾ.. അവരുടെ പ്രിഫറൻസുകൾ ഇവയൊക്കെ പുറത്തുനിന്നുള്ള കഥകളിൽ നിറഞ്ഞിരിപ്പുണ്ടു്. നിർഭ്യാഗ്യവശാൽ അവ അറിയാനുള്ള ആറ്റിറ്റ്യൂടോ, മാർഗ്ഗങ്ങളോ നിങ്ങൾക്കില്ലാതെ പോയി. നമുക്കിതിനെ കസ്റ്റമർ റിസർച്ച് എന്നോ മാർക്കറ്റ് റിസർച്ച് എന്നോ ഹോംവർക്കെന്നോ ചുമ്മാ വിളിക്കാം.
നമുക്ക് നാഷണൽ വിജയികളേയും മൾട്ടീ നാഷണൽ കോർപ്പറേഷനുകളെയും വെറുക്കാനോ അല്ലെങ്കിൽ ആരാധിക്കാനോ മാത്രമേ അറിയൂ. അവരെ, അവരുടെ രീതികളെ, പദ്ധതികളെ, തത്വങ്ങളെ പഠിക്കാൻ അറിയില്ല. അവരെ നേരിടാൻ അറിയില്ല. ലോക സൈനീക ശക്തിയായ അമേരിക്ക വിയറ്റ്നാം വീരന്മാരുടെ മുന്നിൽ തോറ്റ് തൊപ്പിയിട്ട ഒരു ചരിത്രമുണ്ട്. ഒരു യുദ്ധത്തിൽ അതാവാമെങ്കിൽ വിപണി യുദ്ധത്തിൽ എന്തുകൊണ്ടാകില്ല?
പക്ഷേ വീരവാദം മാത്രം പോരാ. അവരുടെ ആയുധങ്ങൾ കരസ്ഥമാക്കണം. നല്ല തന്ത്രങ്ങളും (സ്ട്രാറ്റജി) ലക്ഷ്യങ്ങളും വേണം. നമ്മെ കീഴടക്കുന്നവരെ ആരാധിക്കൽ നമ്മൾ ഉപേക്ഷിക്കണം. നമ്മുടെ അപകർഷതകൾക്ക് ഒരു മാറ്റം വന്നേ പറ്റൂ. മലയാളത്തെ ‘മൽയാലം’ ആക്കുന്നവരോട് ആരാധന തോന്നുന്ന ഒരു ജനവിഭാഗത്തിനോടാണോ ഇതൊക്കെ പറയുന്നത്?
മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ നിങ്ങളുടെ പബ്ലിക് കമ്യൂണിക്കേഷനിലേക്കും, കൺടെൻറ് ക്രിയേഷനിലേക്കും, കസ്റ്റമർ റിസെർച്ചിലേക്കും ഉള്ള ഒരു യാത്രയാണ് സംരംഭകൻ എന്ന നിലയിൽ നിങ്ങൾ നടത്തേണ്ടത്. ബ്രാൻഡുകളെ വിജയിപ്പിക്കുന്നതിനും പൊസിഷൻ ചെയ്യുന്നതിലും കോർപ്പറേറ്റ് ഇമേജ് ബിൽഡ് ചെയ്യുന്നതിനും സഹായകമായ കണ്ടെന്റും നിങ്ങളുടെ കസ്റ്റമറെ മാനേജ് ചെയ്യുന്നതിനുള്ള ഇൻഫൊർമേഷൻസും മറ്റേതൊരു വഴിയിലൂടെ ലഭിക്കും?
നിങ്ങൾ ബുദ്ധിപരമായി പബ്ലിക് കമ്യൂണിക്കേഷൻ നടത്തുന്നില്ല. അതിനാൽ നിങ്ങളെ ആരും അറിയുന്നില്ല.
നിങ്ങൾ ബുദ്ധിപരമായി കസ്റ്റമർ റിസെർച്ച് നടത്തുന്നില്ല. അതിനാൽ പബ്ലിക്കിനെ നിങ്ങളും അറിയുന്നില്ല.
പരസ്പരം അറിയാതെ പോകുന്ന ഒരു സിസ്റ്റത്തിൽ പിന്നെയെങ്ങിനെ ഒരു ഹെൽത്തി റിലേഷൻഷിപ്പ് രൂപപ്പെടും? എങ്ങിനെ ബ്രാൻ്റ് ലോയൽറ്റികളുണ്ടാകും?
മുൻകാലങ്ങളെക്കാൾ എളുപ്പത്തിൽ ഇതൊക്കെ സാധ്യമാകുന്ന ഈ സോഷ്യൽ മീഡിയ കാലഘട്ടത്തിൽ കമ്മ്യൂണിക്കേഷൻ്റെ കാര്യത്തിൽ നിങ്ങൾ കാണിക്കുന്ന ഈ തണുപ്പനും അൺ പ്രഫഷണലുമായ രീതികൾ മുരടിപ്പിലേക്കല്ലാതെ ഉന്നതിയിലേക്ക് ഒരിക്കലും നയിക്കില്ല.!!
സ്റ്റോറികളിലൂടെ രൂപം കൊണ്ട് സ്റ്റോറികളിലൂടെ വളർന്ന് സ്റ്റോറികളിലൂടെ ശക്തിപ്പെട്ട് സ്റ്റോറികളിലൂടെ കീഴടക്കാൻ കഴിയുന്ന ഒരു വഴിയിൽ എന്നാണ് നമ്മുടെ ബിസ്നസ്സുകൾ എത്തിപ്പെടുക?