നിങ്ങൾ ഈ കാണുന്നതൊന്നുമല്ല സത്യത്തിൽ ഓരോ ബിസിനസ്സുകളുടേയും ഇന്നർ ഡിസൈൻ. അതിനകത്ത് കടന്ന് അതിന്റെയും അകത്തെ ലോകത്തെത്തിയാലും അവയുടെ ഇന്നർ വയറിങ്ങുകൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞെന്നുവരില്ല. അകകാമ്പിലെ ഈ നാഡീ ഞെരമ്പുകൾ ഒരു ബിസിനസ്സ്മാനും ലോകത്തിന് കാട്ടികൊടുക്കില്ല. എത്ര ഹൃദയം തുറന്ന് സംവദിച്ചാലും ആ രഹസ്യ കോഡുകൾ അനാവൃതമാക്കില്ല.
പലപ്പോഴും മറ്റുപലതും രഹസ്യ താക്കോൽ എന്നവണ്ണം പ്രൊജക്റ്റ് ചെയ്തെന്നിരിക്കും. ജനം അതിന്മേൽ ചർച്ചയും ആരംഭിക്കും. KFC യുടെ സീക്രട്ട് റെസിപ്പീ ആണ് അതിന്റെ വിജയത്താക്കോൽ എന്ന് നിങ്ങൾ കരുതുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് തെറ്റി. ആ റെസിപ്പി നിങ്ങൾക്ക് കിട്ടിയെന്നാലും ഒരുകാര്യവുമില്ല. നിങ്ങൾക്ക് മറ്റൊരു KFC ബിൽഡ് ചെയ്യാൻ കഴിയുമോ?
കൊക്കോകോളയുടെ മിക്സിങ് ഫോർമുല നിങ്ങൾക്ക് കിട്ടിയാലും ഒന്നും സംഭവിക്കില്ല. ജ്വല്ലറികളുടെ ആഭരണ രഹസ്യം നിങ്ങൾ കണ്ടെത്തിയാലും, ഫാഷൻ ബ്രാൻഡുകളുടെ നിർമ്മാണ രഹസ്യങ്ങൾ നിങ്ങൾ അറിഞ്ഞാലും എന്ത് കാര്യം? എത്രവലിയ ബ്രാൻഡെഡ് പെർഫ്യൂമിന്റെ നിർമ്മാണ ഫോർമുല അറിഞ്ഞിട്ടും ഒരുകാര്യവുമില്ല.
ഗൂഗിളിന്റെ അൽഗോരിതം അറിഞ്ഞാലും. ലോകം പിടിച്ചടക്കിയ സോഷ്യൽമീഡിയ സൈറ്റ് കളുടെ കോഡുകൾ കിട്ടിയിട്ടും നിങ്ങൾക്ക് വലിയ കാര്യമില്ല.
ഒരു ടെസ്ല കാറുവാങ്ങി ഓരോ പാർട്ടുകളും കണ്ടെത്തിയാലും ലോകത്തിനോ ഇലോൺ മസ്ക്നോ ഒന്നും സംഭവിക്കില്ല.
പലതിലും ഇവ ഒരു സിംഗിൾ-പോയിൻറ് രഹസ്യം എന്ന മട്ടിൽ ആയിരിക്കില്ല. കളക്റ്റീവ് എലെമെന്റ്സ് ആയിരിക്കാം പ്രവർത്തിക്കുന്നത്. പലകാര്യങ്ങൾ ചേർന്ന ഒരു പ്രവർത്തന പദ്ധതിയായിരിക്കും അത്. തുള്ളിനീലത്തിന്റെ രഹസ്യം കണ്ടെത്തിയവർ ഒരുപാടുണ്ടായിരുന്നു കേരളത്തിൽ. അവരൊക്കെ ഇപ്പോൾ എവിടെ?
പ്രോഡക്റ്റ് കോൺസെപ്റ്റിലോ അതിന്റെ മാർക്കറ്റിംഗിലോ അതിന്റെ പ്രൈസിങ്ങിലോ അതിന്റെ ബ്രാൻഡിങ്ങിലോ, അതിന്റെ പൊസിഷനിങ്ങിലോ അതിൻ്റെ ഡാറ്റാബേസുകളിലോ ആണ് ആ മാന്ത്രിക താക്കോൽ മറഞ്ഞിരിക്കുന്നത്. ഇവയൊക്കെ കൂട്ടിയിണക്കുന്ന ഒരു competitive സ്റ്രാറ്റജിയായിരിക്കാം ആ താക്കോൽ.
ഈ ഇന്നർ വയറിങ്ങുകളാണ് സംരംഭക ക്ലാസ്സുകൾ എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും ഇൻസ്ട്രക്റ്റർമാരുടെയും വെറും അക്കാദമിക്കലായി കാര്യങ്ങളെ കാണുന്നവരുടെയും, കൺസൽട്ടൻറ് മാരുടെയും കയ്യിൽ ഇല്ലാതെ പോകുന്ന പ്രധാനകാര്യങ്ങളിൽ ഒന്ന്.
അതിനാൽ പുറമേ നിന്ന് നിങ്ങൾ നോക്കിക്കാണുന്നതൊക്കെ നിങ്ങളെ അബദ്ധ നിഗമനങ്ങളിലേക്കായിരിക്കാം കൊണ്ടു പോവുക. ഈ അബദ്ധങ്ങളിൽ ചെന്നുപെട്ട് അവിടെ കാര്യങ്ങളെ റീ ഇൻവെൻ്റ് ചെയ്തും റീ ഡിസൈൻ ചെയ്തും റീക്രിയേറ്റ് ചെയ്തും വിപ്ലവം സൃഷ്ടിക്കുന്നതിലാണ് ഒരു യഥാർത്ഥ വൈഭവം ഒളിഞ്ഞിരിക്കുന്നത്.