നിങ്ങളെയും നിങ്ങൾ അടങ്ങുന്ന ഡീമോഗ്രഫിക് സെഗ്മെൻ്റിനേയും അതുപോലെ മറ്റനേകം സെഗ് മെൻ്റിൽ കിടക്കുന്ന മനുഷ്യരാശിയേയും പരസ്യം കൊണ്ടും, പ്രലോഭനങ്ങൾ കൊണ്ടും, ഇൻഫോർമേഷനുകൾ കൊണ്ടും, അനുഭവങ്ങൾ കൊണ്ടും, അനുഭവ-പറച്ചിൽ കൊണ്ടും എങ്ങിനെയൊക്കെ സ്വാധീനിക്കാൻ കഴിയുമെന്നതിന് കൃത്യമായ രൂപരേഖകളുണ്ട്.
നിങ്ങൾക്ക് അത് അറിയില്ലായിരിക്കും. (ഡാറ്റാ ബേസുകൾ അടിച്ചുമാറ്റുന്നത് പോലും നമ്മൾ മല്ലൂസിന് ഇനിയും ഒരു ഗൌരവം ഉള്ള കാര്യമായി തോന്നിയിട്ടില്ലല്ലോ.! )
നിങ്ങൾ എന്ത് കാണണം? എന്ത് അറിയണം? ഏതൊക്കെ ചോയ്സുകൾ നിങ്ങളുടെ മുന്നിലെത്തണം? എന്തൊക്കെയുണ്ടായാലാണ് നിങ്ങൾ വിശ്വസിക്കുക, തുടങ്ങി നിങ്ങൾക്ക് നിങ്ങളെപ്പറ്റി അറിയാത്ത നൂറു നൂറു കാര്യങ്ങൾ ആരൊക്കെയോ അപഗ്രന്ഥിച്ചു കൊണ്ടിരിക്കുന്നു എന്ന് നിങ്ങൾക്ക് അറിയില്ല.
നിങ്ങളെ ബോധപൂർവ്വവും അബോധപൂർവ്വവുമായ രീതിയിൽ, നാനാവിധത്തിൽ കണ്ടീഷൻ ചെയ്തതെടുത്തുകൊണ്ട് എന്തൊക്കെ ലക്ഷ്യങ്ങളാണ് പ്രഫഷണൽ മാർക്കറ്റേഴ്സ് നേടികൊണ്ടിരിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാൻ സാദ്ധ്യത കുറവാണ്.
ചുമ്മാ സുഹൃത്തുക്കളോട് മോബൈൽ ഫോണും കയ്യിൽ വച്ച്, ഏതെങ്കിലും സജീവമായ ബ്രാൻ്റുകളെ കുറിച്ചോ പ്രോഡക്ടുകളെ കുറിച്ചോ ഒന്ന് ചർച്ച നടത്തി നോക്ക്. അപ്പോൾ കാണാം പിന്നിട് നിങ്ങൾ തുറക്കുന്ന സോഷ്യൽ മീഡിയ പേജുകളിൽ അവ പ്രത്യക്ഷപ്പെടുന്നത്. (ഇത് ഒരു കൊച്ചു കാര്യം മാത്രം.)
നമ്മൾ ഓരോരുത്തർക്കും അടുത്തവർഷങ്ങളിൽ എന്തു സംഭവിക്കുമെന്നും ഏതൊക്കെ ബ്രാൻഡുകൾ വാങ്ങും എന്നും, ഏതൊക്കെ രോഗങ്ങൾ വരുമെന്നും ഏതൊക്കെ മരുന്നുകൾ നിങ്ങളെക്കൊണ്ടു് വാങ്ങിപ്പിക്കാമെന്നും, ഏതൊക്കെ ഇൻഷൂറൻസുകൾ എടുപ്പിക്കാമെന്നും തുടങ്ങി നിങ്ങളുടെ ഭാവി മുഴുവൻ റീ-എങ്ങിനിയറിങ് ചെയ്യുന്ന കാര്യങ്ങൾക്ക് ഏതൊക്കെയോ കോൺഫ്രൻസ് ഹാളുകളിൽ തീരുമാനമുണ്ടാകുന്നു.
നമ്മൾ ആർക്ക് വോട്ട് ചെയ്യും എന്നു പോലും കണ്ടെത്താൻ ഗൂഗിളും ഫേസ്ബുക്കും ട്വിറ്ററും മാത്രം വിചാരിച്ചാൽ നടക്കില്ലെന്ന് കരുതുന്നുണ്ടോ?
നിങ്ങളിൽ കൂറുണ്ടാക്കുന്നതിനും, നിങ്ങളുടെ പ്രിഫറൻസുകൾ മാറ്റിമറിക്കുന്നതിനും, പലതിലേക്കും നിങ്ങളെ അടുപ്പിക്കുന്നതിനും, പലതിൽ നിന്നും നിങ്ങളെ അകറ്റുന്നതിനും, പദ്ധതികൾ നിലവിലുണ്ട്. നിങ്ങൾ വെറും പാവകൾ മാത്രമാണ് എന്നറിയുന്നതിൽ വ്യാകുലപ്പെടരുത്.
മാർക്കറ്റേഴ്സും കോർപ്പറേറ്റുകളും കൂടുതലായി ഉപയോഗിച്ചു വരുന്ന കൺസ്യൂമർ ബിഹേവിയർ സയൻസ് ഇപ്പോൾ ഭരണകൂടങ്ങളാണ് കൂടുതൽ ഉപയോഗിക്കുന്നത്. ഒരു ഇലക്ഷൻ ജയമൊക്കെ ചെറിയ കാര്യം മാത്രം.
കൃത്യമായ സ്റ്റഡിയും, റിസർച്ചും, ഹോംവർക്കും, ടെസ്റ്റ് മാർക്കറ്റും നടത്തിയാൽ, തന്ത്രപരമായ കമ്മൂണിക്കേഷൻ നടത്തിയാൽ, ഇലക്ഷൻ ജയം, ആക്ഷനും ഇൻ്ററാക്ഷനും കൊണ്ടു് നേടിയെടുക്കാവുന്ന ചെറിയ കാര്യം മാത്രം.
അതിലേറെ ഭീകരമായ പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമാണ് ജനസൂഹങ്ങളിൽ നടക്കുന്നത്. എന്തിനോടൊക്കെ നിങ്ങൾ പ്രതികരിക്കും?, പ്രതികരിക്കാതിരിക്കും?. നിങ്ങളുടെ പ്രതികരണങ്ങൾ എങ്ങിനെയൊക്കെ?, അവയുടെ പാറ്റേണുകൾ ഏതുവിധം?, നിങ്ങളുടെ അൺ ഓർഗനൈസ്ഡ് ആയിട്ടുള്ള സംഘബോധം തകർക്കൽ, ഭീകര നിയമങ്ങളുടെ അവതരണം, നടത്തിപ്പ് ഇതൊക്കെ നിസ്സാര അജണ്ടകൾ.
അതായത് പാർട്ടിയും, മതവും, വർഗ്ഗ ബോധവും, ലിംഗബോധവും ഇല്ലാതെ നാം ഒരുമിക്കുന്ന ഘട്ടങ്ങൾ ഇല്ലാതാക്കും. ഉദാഹരണത്തിന് ആദ്യ പ്രളയം ഉണ്ടായപ്പോൾ ആദ്യ നാളുകളിൽ, രാഷ്ട്രീയ പാർട്ടികൾ രംഗം പിടിച്ചെടുക്കും മുൻപ് ഒത്തുകൂടിയ നമ്മളെ ഓർക്കുക. ഇനി അത്തരം സ്വാഭാവികമായ കളക്റ്റിവ് ഒന്നിക്കൽ സംഭവിക്കില്ല; അല്ലെങ്കിൽ സംഭവിപ്പിക്കില്ല.
ഇവയ്ക്ക് മുൻപിൽ വ്യക്തികളുടെ മനം മാറ്റക്രിയ എത്രയോ നിസ്സാരം.! നിങ്ങൾ അടുത്ത 5 വർഷത്തിൽ വാങ്ങാൻ സാദ്ധ്യതയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും ഒരു പക്ഷേ നിങ്ങൾക്ക് അറിയില്ലായിരിക്കാം. എന്നാൽ അവയുടെ ഏകദേശ കണക്ക് പലർക്കുമുണ്ടു്.
നിങ്ങളെപ്പറ്റി ഗൂഗിളിന് അറിയാത്ത രഹസ്യങ്ങളുണ്ടോ? ഒരുമിച്ച് ജീവിക്കുന്നവർക്ക് പരസ്പരം അറിയുന്നതിനേക്കാൾ എത്രയോ ഗൂഢവും വിചിത്രവുമായ കാര്യങ്ങൾ ഗൂഗിളിനറിയാം. സ്വന്തം കുഞ്ഞിനെപ്പറ്റി അമ്മക്കറിയുന്നതിനിലേറെ കാര്യങ്ങൾ മാർക്കറ്റേഴ്സിന് അറിയാം.
വാക്കിൽ വീരൻമാരും പ്രവൃത്തിയിൽ അൽപ്പ-ബുദ്ധിക്കാരും, അഹങ്കാരികളും ആകുന്ന, സെയിൽസ്മാൻഷിപ്പ് ഇല്ലാത്ത മല്ലു സംരംഭകരും, കമ്മൂണിക്കേഷൻ്റെ ഡൈനമിക് പവർ തിരിച്ചറിയാത്ത പാവം മല്ലു മാർക്കറ്റേഴ്സും കാണിക്കുന്ന കാര്യങ്ങളിൽ നാം അങ്ങനെ വല്ലാതെ അകപ്പെട്ടു പോകുന്നില്ല.
അത് നമ്മുടെ ബുദ്ധിസാമർത്ഥ്യമോ വിവേചന ക്ഷമതയോ കൊണ്ടല്ല. അവർക്ക് അതിൻ്റെ ടൂൾസും ഉപയോഗവും അറിയാത്തതിനാലാണ്. എന്നിട്ടും താരങ്ങളുടെ ചാടിക്കളിയാൽ പണ്ടം പണയം വയ്ക്കുന്നത് പോലും അഭിമാനമാക്കിയില്ലേ?
“ഹൃദയത്തെ അറിയൂ. ഞങ്ങളുടെ സൗജന്യ ക്യാമ്പിൽ വന്ന് ഹൃദയത്തിൻ്റെ ആരോഗ്യം ഉറപ്പാക്കൂ.” എന്ന പരസ്യത്തിൽ നിങ്ങൾക്ക് നന്മ മാത്രമേ കാണാനാകൂ. എന്നാൽ അതിൽ മറഞ്ഞിരിക്കുന്ന പലതുമുണ്ട്.
കാര്യങ്ങൾ ഇങ്ങിനെയൊക്കെയായിരിക്കുമ്പോൾ ഇവിടെ മല്ലു സംരംഭകർ നൂറ്റാണ്ട് പഴക്കമുള്ള ബിസിനസ്സ് ചിന്താഗതിയുമായിട്ടാണ് മുന്നോട്ട് പോകുന്നത്. ഇവിടെയുള്ള സ്ത്രീകളേയും പുരുഷൻമാരേയും ഏതെങ്കിലും തുണിക്കടയിലേക്കോ ജ്വല്ലറിയിലേക്കോ ആട്ടിത്തെളിക്കാനാണോ പ്രയാസം? എവിടേക്ക് വേണമെന്നു പറഞ്ഞാൽ മതി. അത് താരതമ്യേന ഒരു കൊച്ചു ടാസ്ക്ക് മാത്രം.
നല്ല ഉല്പ്പന്നങ്ങളെ നല്ല നിലയിൽ വിജയിപ്പിക്കാന് പറ്റാതെ ഒരുപാട് പേർ പരാജയപ്പെടുന്നുണ്ട്. കാരണം ഇക്കാര്യങ്ങൾ മനസ്സിലാക്കാൻവേണ്ട കോമ്പിറ്റൻസിയും, പ്രഫഷണലിസവും, അഭിരുചിയും, സയൻ്റിഫിക് സെൻസും ഉള്ള സംരംഭകർ ആരെങ്കിലും ഇവിടെ ഉണ്ടോ? ജനങ്ങളെ ചതിക്കാനല്ല, മറിച്ച് വാല്യൂ തിരികെ കൊടുത്ത് വിൻ-വിൻ സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാക്കാൻ..!