ഒരു മലയാളി കണക്കുമാഷിന്റെ ഫിനോമിനൽ ഗ്രോത്ത് ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾ ഒരു വൻ താരത്തെ ഇറക്കികളിച്ചാൽമാത്രം മറികടക്കാവുന്നതാണോ?
ഫോബ്സിന്റെ ഇന്ത്യക്കാരായ 100 പേരുള്ള റിച്ച് ലിസ്റ്റിൽ 8 മലയാളികളാണുള്ളത്, അതിൽ ഒന്നാമത്തെയാൾ 66 വയസ്സുള്ള യൂസഫലി 35 സ്ഥാനത്ത് നിലക്കുമ്പോൾ 54 സ്ഥാനത്തുനിൽക്കുന്നത് വെറും 41 വയസ്സുള്ള ബൈജു രവീന്ദ്രൻ ആണ് എന്നത് ഒരു അസാമാന്യമായ അച്ചീവ്മെന്റ് തന്നെയായി കണക്കാക്കപ്പെടേണ്ടതാണ്.
ഒരു മലയാളി സംരഭകനും വേണമെങ്കിൽ ലോകത്തിന്റെ ബിസിനസ്സ് ഭൂപടത്തിൽ ഒരു കയ്യൊപ്പ് ചാർത്താം എന്ന് ബൈജു രവീന്ദ്രൻ കാണിച്ചു തന്നിരിക്കുന്നു. നമുക്കതിൽ അഭിമാനിക്കാം. ലോകത്തുള്ള അനേകമനേകം ബിസിനസ്സ് അവസരങ്ങളിൽ ഒന്നുമാത്രമാണ് ബൈജു രവീന്ദ്രൻ എന്ന അസാമാന്യ ഓൺട്രപ്രണർ ഉപയോഗപ്പെടുത്തിയത്. ഓരോരുത്തർക്കും ഇതുപോലെ ചിന്തിക്കാനും വികസിക്കാനും അവസരമുണ്ട് എന്നാണ് അദ്ദ്യേഹം കാണിച്ചു തന്നിരിക്കുന്നത്.
ഓൺലൈൻ എഡ്യുക്കേഷൻ മേഖലയിലെ വലിയൊരു സാധ്യതയിലേക്കാണ് ബൈജൂസ് കടന്നുചെന്നത്. ഫോബ്സിന്റെ റിപ്പോർട്ട് പ്രകാരം 2022 മാർച്ചിൽ, 22 ബില്ല്യൺ US ഡോളറിന് അടുത്താണ് കമ്പനിയുടെ ഫണ്ടിങ് വാല്യൂ. അതിൽ സുക്കൻബർഗും, ചൈനീസ് ഭീമനായ ടെൻസെന്റ് അടക്കമുള്ളവർ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെ എത്തിനില്ക്കുമ്പോൾ ഇപ്പോൾ വരുന്നത് പ്രതിസന്ധികളുടെ വാർത്തകളാണോ? പ്രതിസന്ധികൾ എന്നും വിജയികളായ ഓൺട്രപ്രണർമാരുടെടെ സഹയാത്രികരാണ്. അവർ ഇതൊക്കെ മറികടന്ന് ഉജ്ജ്വല വിജയം നിലനിർത്തും എന്ന് നമുക്ക് പ്രത്യാശിക്കാം.
ജനസമ്മതി എന്നും പ്രധാനമാണ്. പണമുണ്ടാക്കുന്ന നല്ല വഴികളും കുൽസിത മാർഗ്ഗങ്ങളും ഉണ്ടല്ലോ. ടാറ്റയും റിലയൻസും തമ്മിലുള്ള വ്യത്യാസം രത്തൻ ടാറ്റ പറഞ്ഞത് ഇങ്ങനെ: അവർ ബിസിനസ്സ് മെൻ, ഞങ്ങൾ ഇൻന്റസ്ട്രിയലിസ്റ്റുകൾ എന്നാണ്.
ഈ സാഹചര്യത്തിൽ പൊതുവേയുള്ള ചില മാർക്കറ്റിങ് ചിന്തകൾ ഇവിടെ കുറിക്കട്ടെ. :
1.
വാല്യൂ v/s ഗിമ്മിക്ക്.
ഡെലിവർ ചെയ്യുന്ന ‘വാല്യൂ’ ആണ് ഏത് ബിസിനസ്സിനെയും വളർത്തുന്നതും നിലനിർത്തുന്നതും. വാല്യൂവിനെ പോപ്പുലറൈസ് ചെയ്യാൻ, അഡ്വേർടൈസിങ്, പ്രമോഷൻ, ആഗ്രസ്സീവ് മാർക്കറ്റിങ് തുടങ്ങിയ മാർക്കെറ്റിങ് & കമ്മ്യൂണിക്കേഷൻ ടൂൾസ് ഉപയോഗിക്കാം. മോഡൽ, ബ്രാൻഡ് അംബാസിഡർ, ഇൻഫ്ലുവൻസർ ഇവയൊക്കെ ആകാം. എന്നാൽ ‘വാല്യൂ’ ഡെലിവറി ഇല്ലാതാവുമ്പോഴാണ് മേല്പറഞ്ഞവ വെറും ഗിമ്മിക്കുകൾ ആയി വിലയിരുത്തപ്പെടുന്നത്.
2.
മെയിൻ സ്ട്രീം മീഡിയകളെ ഇന്ന് വിലക്കെടുക്കാം എന്നതിനാൽ നെഗറ്റിവ് വാർത്തകൾ കുറേക്കാലം പുറത്തുവരാതെ നോക്കാം. എന്നാൽ ഒരു പൊതുസമൂഹത്തിൽ ഡിസ്ട്രിബ്യൂട്ട് ചെയ്യപ്പെട്ട് ഉപയോഗിക്കപ്പെടുന്ന ഒരു ‘ഫാൾസ്-ഫ്രൂട്ട്’, സോഷ്യൽ മീഡിയ പോലും വിലക്കെടുത്താലും ‘വേഡ്-ഓഫ്-മൌത്ത്’ ലൂടെയെങ്കിലും അത് തിരിഞ്ഞുകൊത്തും. പ്രത്യേകിച്ചും പല പ്രോഡക്റ്റുകളുടെയും കസ്റ്റമേഴ്സ് സമൂഹത്തിലും സ്കൂളുകളിലും കൂട്ടങ്ങളായി നിലനിൽക്കുന്ന സാഹചര്യത്തിൽ.
3.
ഏട്ടനും പേട്ടന്മാരും സ്വന്തം സിനിമകൾപ്പോലും ‘ട്രിക്കി’ വഴികളിലൂടെ റിലീസ് നടത്തി മാത്രം രക്ഷപ്പെടുത്തി കടന്നുപോകുന്ന കാലമാണിത്. നെഗറ്റീവ് റിവ്യു, മൂല്യമില്ലായ്മ, പരക്കും മുൻപേ മാക്സിമം തീയറ്ററുകളിൽ റിലീസ് ചെയ്തും, ഫാൻസുകൾ എന്ന പൊട്ടന്മാരെ ഇറക്കിയും, കുൽസിത മാർഗ്ഗങ്ങളിലൂടെ ‘തടി കഴിച്ചൽ’ ആക്കുകയാണ് സൂപ്പർ താരങ്ങൾ. ഒരുമാസംപോലും ആയുസ്സില്ലാത്ത ഇന്നത്തെ സിനിമകൾ ‘ഇംപൾസ് പർച്ചേസ്’ നടത്തിക്കാൻ സിനിമ എന്ന എന്റെർടൈൻമെന്റ് പ്രോഡക്ട്ന് കുറെയൊക്കെ പറ്റുമായിരിക്കാം. അതൊക്കെ ‘ബെഞ്ച്മാർക്ക്’ ചെയ്യാൻ പോയാൽ വാല്യൂ ഡെലിവർ ചെയ്ത് കോംപീറ്റന്റ് ആകേണ്ട ഓൺട്രപ്രണർമാരുടെ പ്രോഡക്ട്കളും സേവനങ്ങളും നാശങ്ങളിലേക്ക് ഓടിയടുക്കും.
4.
നല്ല ഒന്നാം തരം ‘വാല്യൂ ഉൽപ്പന്നം’ ജനങ്ങളിൽ എത്തിക്കാൻ നിങ്ങൾക്ക് പരസ്യങ്ങളും പ്രമോഷനുകളും, താരങ്ങളുടെ ചാടിക്കളിയും ഉപയോഗിക്കാം. തെറ്റില്ല. എന്നാൽ ഈ താരപ്പട ഒന്നടക്കം അണിനിരന്നുവന്നാലും ഒരു പന്ന പ്രോഡക്ട് നെ വിജയിപ്പിച്ചെടുക്കാൻ കഴിയില്ല. പെട്ടെന്ന് ഉയർന്ന് പൊങ്ങി വന്നേക്കും. അതേ വേഗത്തിൽ അത് താഴേയ്ക്ക് എത്തും. നല്ലതല്ലാത്ത ഉല്പ്പന്നത്തിന് നല്ല പവർഫുൾ കമ്യൂണിക്കേഷൻ ചെയ്താലുള്ള കുഴപ്പമാണത്. അതൊരു പന്ന ഉല്പ്പന്നമാണെന്ന് വളരെവേഗം ഒരുപാട് പേര് അറിയുന്ന സാഹചര്യം ഉണ്ടാകുന്നു.
5
വെറും ഗിമ്മിക്ക് മാത്രമായി ‘കിടിലനാണ്’ എന്ന് പറഞ്ഞുകൊണ്ട് ഒരു ഫൺഫുഡ് ഐറ്റം ഇപ്പോൾ ടീവിയിൽ കാണുന്നുണ്ട്. എന്താകും ഭാവി എന്ന് കണ്ടറിയാം. അതിൽ ‘വാല്യൂ’ വരാത്തിടത്തോളം, പറയാത്തിടത്തോളം, പ്രൂവ് ചെയ്യാത്തിടത്തോളം അത് നിലനിൽക്കയില്ല. എഴുതിവച്ചോളൂ എത്രനാൾ എന്ന്. വാല്യൂ v/s കോമളിത്തരം. ഏത് ജയിക്കുമെന്ന് നോക്കാം.
6.
മുൻകാലങ്ങളിൽ ബിസിനസ്സുകളിൽ ബിൽട്ട്-ടു-ലാസ്റ്റ് എന്നായിരുന്നു വിഷൻ. 100+ വർഷങ്ങൾ നിലനിൽക്കുന്ന കമ്പനികൾ ലോകത്ത് ഉണ്ടായത് അതുകൊണ്ടാണ്. ഇന്ന് മല്ലു ഓൺട്രപ്രണർമാരിൽപോലും ചിന്ത ബിൽഡ്-ടു-സെൽ ആണ്. മറ്റാർക്കെങ്കിലും ഏറ്റെടുക്കാൻ പറ്റുംവരെ എത്തിക്കുക എന്നതായിരിക്കുന്നു ‘വലിയ വിഷൻ’.
7.
ലേണിങ് ആപ്പിന്റെ കാര്യത്തിൽ ഒരു ഫുട്ബാൾ താരത്തിന് എന്ത് ചെയ്യാൻ കഴിയും? ലോകത്ത് ലഭ്യമാകുന്ന ഏത് ക്രിയേറ്റിവിറ്റി ഉപയോഗിച്ചാലും ഏത് ലാറ്ററൽ തിങ്കിങ് ഉപയോഗപ്പെടുത്തിയാലും ഏത് ഇൻഫ്ലുവൻസറെ കൊണ്ടു വന്നാലും ഏതേത് പ്രൊമോഷണൽ സ്ക്കീമുകൾ കൊണ്ടുവന്നാലും കോംപീറ്റന്റ് വാല്യൂ കൊണ്ടുവന്നില്ലെങ്കിൽ, അതായത് പഠനം എളുപ്പമാക്കുന്ന, പഠനം ഫൺ ആക്കുന്ന, അസമാന്യമാംവിധം, യൂസർ ഫ്രെണ്ട്ലി ആയ, മറ്റാർക്കും നല്കാൻ കഴിയാത്ത യൂസർ എക്സ്പീരിയൻസ് നൽകുന്ന സോഫ്റ്റ് വെയർ ഉൽപ്പന്നമല്ലെങ്കിൽ ഏത് ലോക ഫുട്ബോൾ താരങ്ങൾ വന്നാലും ഒന്നും സംഭവിക്കില്ല. അതിനാൽ കൃത്യമായി റിസർച്ച് ചെയ്ത് അസമാന്യമാം വിധം ഇംപ്രൂവ് ചെയ്ത ഉൽപ്പന്നം, മികച്ച യൂസർ എക്സ്പീരിയൻസുമായി വന്നാൽ താരങ്ങളൊന്നും വേണ്ട, അവരുടെ പ്രൈം കൺസ്യൂമേഴ്സ് ആയ സ്കൂൾ കുട്ടികൾ തന്നെ ഗോൾഡൻ ഗോളുകൾ അടിച്ചു തരും. ആപ്പിളിനെയോ ഗൂഗിൾനേയോ അക്കാര്യത്തിൽ മാതൃകളാക്കാവുന്നതാണ്.
8.
ഓൺലൈൻ വ്യാപാരങ്ങളുടെ കൂടെ പിറന്ന തട്ടിപ്പുകളുടെ, കസ്റ്റമർ കുത്തിന് പിടിക്കില്ലെന്ന സൌകര്യങ്ങളുടെ പിൻബലത്തിൽ പിറക്കുന്ന, അൺ ഫെയർ ഡീലുകളിലൂടെ ഒരുപാട് കമ്പനികൾ ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുണ്ട്. അത്തരത്തിൽ നേടുന്ന എല്ലാ വിജയങ്ങളും എക്കാലവും നിലനിൽക്കും എന്ന് ആരും മോഹിക്കരുത്.
9.
ഓൺലൈൻ പ്രോഡക്ട് ഫ്രീ ട്രയൽ നടത്താൻ പല സൈറ്റുകളിലും എന്തിനാ ബാങ്ക് ഡീറ്റൈൽസ് നല്കേണ്ടി വരുന്നത്? subscribe ബട്ടൻ പോലെ unsubscribe ബട്ടൻ എന്താ കാണാത്തത്? അത് കാണാൻ വലിയ ഗവേഷണം എത്രപേർ നടത്തും? എന്തിനാ ഓട്ടോ subscribe yes ഡീഫോൾട്ട് ആക്കി വയ്ക്കുന്നത്? എന്താ ഇമെയിൽ അയച്ച് പരാതി പറയാൻ പറ്റാത്തത്? എന്താ കസ്റ്റമർ കെയറിൽ വിളിച്ചാൽ ലൈൻ കിട്ടാത്തത്? എന്തിനാ കേസ് കൊടുക്കാൻ മുംബൈയിലും, ന്യൂയോർക്കിലും പാരീസിലും ലണ്ടനിലും ഫ്രാങ്ക് ഫർട്ടിലും ബർലിനിലും പോകേണ്ടിവരുന്നത്?
10.
അവസാന അടവ് മറ്റൊന്നുണ്ട്. അഭിനവ കോർപ്പറേറ്റ് ടാക്റ്റിസ്! സർക്കാരുകളെകൊണ്ട് നിയമനിർമ്മാണം നടത്തിക്കുക. പാഠ്യപദ്ധതിയിലെ ഭാഗമായി ലേണിങ് ആപ്പുകളുടെ ഡൗൺലോഡ് ഒരു നിർബന്ധമാക്കി മാറ്റുക. ഇല്ലെങ്കിൽ ക്ലാസ്സിന് പുറത്ത്നിർത്തുന്ന സ്ഥിതി വന്നാൽ കൂലിപ്പണിയെടുക്കുന്നവർ പോലും വാങ്ങിയല്ലേ പറ്റൂ. സൂപ്പർ താരങ്ങൾക്ക് ചിലവാക്കുന്ന പണത്തിന്റെ ഒരംശംപോലും ഇതിന് വേണ്ടിവന്നേക്കില്ല.