രണ്ട് ചോദ്യങ്ങൾ നിങ്ങളുടെ ബിസിനസ്സ്ന്റെ ഒരു അനലോഗ് സ്കാനർ പോലെയാണ് പ്രവർത്തിക്കുക. ആദ്യ ചോദ്യം ഇതാണ്: എന്തുകൊണ്ടാണ് ജനം നിങ്ങളുടെ ബ്രാൻഡ് വാങ്ങുന്നത്?
നിങ്ങളുടേത് ഒരു പ്രൊഡൿറ്റോ സർവ്വീസോ ആകാം. അതാണ് നിങ്ങൾ അറിഞ്ഞോ അറിയാതെയോ വാല്യൂ സൃഷ്ടിച്ച് ജനങ്ങളിലേക്ക് ഡെലിവർ ചെയ്യുന്നത്.
സ്വാഭാവികമായി അതിന് ഒരുപാട് നല്ല കസ്റ്റമേഴ്സ് ഉണ്ടാകാം. നല്ലതല്ലാത്ത കസ്റ്റമേഴ്സും ഉണ്ടാകാം. അതിനെ വിലകല്പിക്കാത്തവരും വെറുക്കുന്നവരുമായ കസ്റ്റമേഴ്സും ഉണ്ടാകാം. എന്തായാലും അവർ അത് വാങ്ങുന്നതിന് ഒരു കാരണം കാണും. ഒന്നോ അതിൽ അധികമോ കാരണങ്ങൾ കാണും. സത്യത്തിൽ ഈ കാരണങ്ങളെയാണ് നിങ്ങളുടെ ബിസിനസ്സിന്റെ ഏറ്റവും വലിയ വർക്കിങ് എലെമെന്റുകൾ ആയി തിരിച്ചറിയേണ്ടത്.
ആ കാരണങ്ങളുടെ ആകർഷണവും, അവയുടെ അനന്യതയും, അവ സൃഷ്ടിക്കുന്ന ഇഷ്ടവും, അവയാൽ ഉണ്ടാകുന്ന പ്രിഫറൻസും, അവ മൂലമുള്ള സംതൃപ്‌തിയും, അവയുള്ളതിനാലുള്ള വിശ്വാസവും, അവകൊണ്ടുലഭിക്കുന്ന കോംപിറ്റൻസും, അവമൂലമുണ്ടാകുന്ന സ്വീകാര്യതയും ഒക്കെ കൃത്യമായി മസ്സിലാക്കിയാൽ അറിയാം ആ ഉത്തരങ്ങളുടെ പ്രാധാന്യം.
അതിനാൽ ആ കാരണങ്ങൾ കണ്ടെത്തേണ്ടതിന്റെ അത്യാവശ്യം, പ്രഫഷണലായ ഒരു മാർക്കറ്റർക്ക് ഏറ്റവും മുൻഗണയിൽ ഉള്ളതായിരിക്കും.
ഈ മാർക്കറ്റർ മറ്റാരുമല്ല. നിങ്ങൾ തന്നെയാണ്. നിങ്ങൾ ഒരു മാനുഫാക്ച്ചറർ ആണെങ്കിൽപോലും നിങ്ങളിലെ മാർക്കറ്റർ ഉണരുമ്പോഴേ നിർമ്മിക്കുന്നത് വാങ്ങാൻ ആളുകളെത്തൂ.
ഊഹാപോഹങ്ങളിലും, കേട്ടുകേൾവികളിലും, സങ്കൽപ്പങ്ങളിലും, പുകഴ്ത്തലുകളിലും, വിടുവായ്കളിലും, ഗോസിപ്പുകളിലും കണ്ണുമടച്ചു വിശ്വസിക്കാതെ പ്രഫഷണലായി നടത്തുന്ന കസ്റ്റമർ റിസേർച്ചുകളിൽ നിന്നേ അവയിലെ സത്യങ്ങൾ തിരിച്ചറിയാൻ സാധിക്കൂ.
അവ കിട്ടിക്കഴിഞ്ഞാൽ ആ കാരണങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനും ആ കാരണങ്ങളെ കൂടുതൽ ബലപ്പെടുത്താനും, മധുരമുള്ളതാകാനും നിങ്ങൾക്ക് വഴികൾതേടാം. അവയിൽ ഫോക്കസ് ചെയ്തുകൊണ്ട് നിങ്ങളുടെ മാർക്കറ്റിംഗ് സ്ട്രാറ്റജി റീഡിഫൈൻ ചെയ്യാം.
– – – – – –
( ഇടക്കൊന്ന് പറഞ്ഞോട്ടെ. ഇത് സംരംഭകർക്കുള്ള കുറിപ്പാണ്. ബിസിനസ്സിൽ എന്തെങ്കിലും മൂല്യവത്തായി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ്. ഒരു പ്രൊഫെഷണൽ വിഷയമാണ്. അല്ലാതെ ഒരു പൊതു വിഷയമല്ല. സൂപ്പർ സ്റ്റാറുകൾക്ക് വേണ്ടി തിയറ്ററിൽ കൂവാൻ നടക്കുന്നവരുടെ മനസ്സോടെ ചിലർ പ്രതികരിക്കുന്നത് കാണാറുണ്ട്. നിങ്ങൾക്ക് വിയോജിപ്പുകൾ ഉണ്ടാകാം. അവ നല്ല രീതിയിൽ പ്രകടിപ്പിക്കുവാൻ ശ്രമിക്കുക. നിങ്ങളുടെ വിലകുറഞ്ഞ കമന്റുകൾ കൊണ്ട് സ്വയം അപഹാസ്യരാകാതെ ശ്രദ്ധിക്കുക. ഞങ്ങളുടെ ബോധ്യങ്ങളേയോ മാർക്കറ്റിംഗ് സയൻസിനേയോ അത് സ്പർശിക്കില്ല. ബുദ്ധിപരമായ റിയാക്ഷൻസിന് എപ്പോഴും സ്വാഗതം. മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കാം. സംശയങ്ങൾ ചോദിക്കാം. ചർച്ചകൾ ആകാം.
ഏതൊരു നാടിന്റെയും സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകുന്ന സംരംഭങ്ങളെയും അവയുമായി ബന്ധപ്പെട്ട അറിവുകളെയും പുച്ഛിക്കാതിരിക്കുക. നാട്ടിൽ ബഹുഭൂരിപക്ഷം കുടുംബങ്ങളിലും സാമ്പത്തിക വെളിച്ചം വന്നെത്തുന്നത് ഇവിടെ ആരൊക്കെയോ നടത്തുന്ന സംരംഭങ്ങളിൽ ലഭിക്കുന്ന തൊഴിലവസരങ്ങളിലൂടെയാണ്. അത് മറക്കരുത്. മറ്റു സ്ഥലങ്ങളിലേക്ക് പണം ഒഴുകിപോകുന്നത് തടയുന്നത് ഇവിടെ കുറച്ചെങ്കിലും ഉള്ള സംരംഭങ്ങൾ ഉള്ളതിനാലാണ്. സർക്കാരിന് നികുതി ലഭിക്കുന്നത് ഈ സംരംഭങ്ങളിലൂടെയാണ്. ഒരു നാട് വികസിക്കുന്നത് ബിസിനസ്സുകൾ വിജയിക്കുമ്പോഴാണ്. തൊഴിൽ തേടുന്നവരായി നിലനിൽക്കാതെ തൊഴിൽ നൽകുന്നവരായി മാറിയവരാണ് സംരംഭകർ. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.)
– – – – – –
അതുപോലെത്തന്നെയാണ് നിങ്ങളുടെ പ്രോഡക്റ്റോ സർവ്വീസോ വാങ്ങാതിരിക്കുന്നവരും ധാരാളമുണ്ട്. ആ വാങ്ങാതിരിക്കലിലും പലവിധമായ കാരണങ്ങൾ കാണും. ആ കാരണങ്ങളിൽ വെളിച്ചം പകരാൻ കഴിഞ്ഞാൽ ആദ്യ ചോദ്യം കാണിച്ചുതന്ന വഴികളേക്കാൾ ഉയരങ്ങളിലേക്കുള്ള ദീപ്തമായ വഴികളാണ് മുന്നിൽ തെളിയുക.
രണ്ടാമത്തെ ചോദ്യം ഇതാണ്:
എന്തുകൊണ്ട് ജനം നിങ്ങളുടേത് വാങ്ങുന്നില്ല.?
ഈ ചോദ്യം അക്ഷരാർത്ഥത്തിൽ നൂറു നൂറു ഉത്തരങ്ങളിലേക്കാണ് വിരൽ ചൂണ്ടുക.
‘ഇങ്ങനെ ഒരു ബ്രാൻഡ്/ഉൽപ്പന്നം ഉണ്ടെന്ന് അറിയില്ല’ എന്നുതുടങ്ങി നിങ്ങളുടെ പ്രോഡക്റ്റ് കോൺസെപ്റ്, ബ്രാൻഡ് കോൺസെപ്റ്, പ്രോഡക്റ്റ് ഫീച്ചറുകൾ, ബെനിഫിറ്റുകൾ, ബ്രാൻഡ് പ്രോമിസുകൾ, അവയുടെ കമ്മ്യൂണിക്കേഷൻ കണ്ടെന്റുകൾ, കമ്മ്യൂണിക്കേഷന്റെ മാഗ്നിറ്റൂഡും പുള്ളിങ് പവറും, ബ്രാൻഡിന്റെ അവെയർനെസ്സ് ലെവലും, ബ്രാൻഡ് ഉപയോഗിക്കുന്ന മീഡിയകൾ, അവയുടെ കോംപ്റ്റിറ്റിവ് ഡിഫറെൻസ്, ബ്രാൻഡ് പൊസിഷൻ, ബ്രാൻഡ് ഇമേജ്, പല തരത്തിലും ലെവലിലുമുള്ള കോംപെറ്റീഷൻ, അവരുടെ വിശ്വാസ്യത, തുടങ്ങി വിപണി, കസ്റ്റമർ, ഡെലിവറി സിസ്റ്റം, സർവ്വീസ് എലമെന്റുകൾ തുടങ്ങിയവ അടങ്ങുന്ന ക്രിട്ടിക്കൽ വിഷയങ്ങളിലേക്കായിരിക്കും അവ നിങ്ങളുടെ ശ്രദ്ധയെ കൊണ്ടുവരുന്നത്.
ആരെ മോഡൽ ആക്കും? ആരായിരിക്കണം ബ്രാൻഡ് അംബാസിഡർ എന്നൊക്കെയുള്ള ബാലിശമായ ചിന്തകൾ അല്ല ബിസിനസിനെ മുന്നോട്ടു നയിക്കുക എന്നത് നിങ്ങൾക്ക് ബോധ്യപ്പെടും.
ഇതൊക്കെ വലിയ വലിയ സംരംഭങ്ങൾക്കുള്ള വിഷയങ്ങളാണെന്ന് തെറ്റിദ്ധരിച്ചേക്കരുത്. ബിസിനസ്സിലെ എല്ലാ ബേസിക് കോൺസെപ്റ്റുകളും മൾട്ടി ബില്യൺ ഓർഗനൈസേഷനും, സ്വയം തൊഴിൽകാർക്കും കുടുംബ ശ്രീകൾക്കും വരെ ഉപയോഗപ്പെടുത്താവുന്ന ശാസ്ത്രീയതയാണ്. ഒരു ചെറിയ മോപ്പഡിലും വേഗരാജാക്കന്മാരായ വാഹനങ്ങളിലും ഉപയോഗിക്കുന്ന സാങ്കേതിക തത്വങ്ങൾ ഒരുപോലാണ്. ഒരു കുട്ടിസൈക്കിളിന്റെ ടയറിലും സൂപ്പർ സോണിക് വിമാനത്തിന്റെ ടയറിലും ഉള്ള ന്യൂമാറ്റിക് തത്വങ്ങൾ ഒരുപോലാണ്.
ഒരു സെൻസിബിൾ ആയ ഓൺട്രപ്രണർക്ക് ഈ ചോദ്യങ്ങളിലൂടെ ലഭിക്കുന്ന ഡാറ്റ സത്യത്തിൽ തെറ്റുകളും കുറവുകളും പരിഹരിക്കാനും തെളിച്ചമുള്ള വഴികളിലേക്ക് കടന്നുകയറാനും സഹായിക്കുന്ന അമൂല്യ നിധികളാണ്.
ഇവിടെയും ഊഹാപോഹങ്ങളിലും, കേട്ടുകേൾവികളിലും, സങ്കൽപ്പങ്ങളിലും, പുകഴ്ത്തലുകളിലും, വിടുവായ്കളിലും, ഗോസിപ്പുകളിലും ചെന്ന് വീഴാതെ പ്രൊഫഷണൽ മാർഗ്ഗങ്ങൾ, സയന്റിഫിക് മാർഗ്ഗങ്ങൾ അവലംബിച്ചുള്ള ഒരു കസ്റ്റമർ റിസർച് ഉപയോഗപ്പെടുത്തുക എന്നതാണ് പ്രത്യേകം ഓർമ്മിപ്പിക്കാനുള്ളത്.