ഒരു ഓൺട്രപ്രണർക്ക് ഏറ്റവും സഹായകരമാകുന്ന പാഠങ്ങൾ ലഭിക്കുക ആ മേഖലയിൽ പരാജയപ്പെട്ടവരിൽനിന്നായിരിക്കും.

വിജയിച്ചവരുടെ കഥകൾ ആണിവിടെ സുലഭം. അത് കേട്ടുകേൾവിയായും മീഡിയയിലൂടെയും നമുക്ക് എപ്പോഴും ലഭ്യമായികൊണ്ടേയിരിക്കുന്നു. ഒരു സ്യൂഡോ (Pseudo) പ്രചോദനം തരുമെന്നല്ലാതെ അവയിൽ സീരിയസ് പാഠങ്ങൾ കാണില്ല.

വിജയകഥകൾ കൂടുതലും ഗ്ലോറിഫൈഡ് ആയിരിക്കും. ആരാധനയിൽ മുങ്ങിയതും എഡിറ്റ് ചെയ്തതുമായിരിക്കും. ആ കഥകൾ പറയുന്നതിന് പല ലക്ഷ്യങ്ങളും ഉപലക്ഷ്യങ്ങളും ഉണ്ടായിരിക്കും. ഒരു ഓൺട്രപ്രണർക്ക് ശരിക്കും സഹായകമാകുന്ന ചതിക്കുഴികൾ നിങ്ങൾക്ക് ആരും പറഞ്ഞുതരില്ല. വിജയിയായ ഒരാൾ അവരുടെ വീരത്ത്വത്തിന് മിഴിവ് കൂട്ടുവാൻ സഹായകമാകുന്ന പരാജയ എലമെൻറ്കളേ കഥകളിൽ ചേർക്കൂ.

പരാജയപ്പെട്ടവർ എന്ന പ്രയോഗം തന്നെ തെറ്റാണ്. പാഠം പഠിച്ചവർ എന്നാണ് സത്യത്തിൽ പറയേണ്ടത്. പല പല കാരണങ്ങൾ കൊണ്ട് അവർക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ഒഴിവാക്കേണ്ടതും, ജാഗരൂകരാകേണ്ടതും, എവിടെയൊക്കെ എന്നത് വിജയികളുടെ കഥകളേക്കാൾ മനസ്സിലാക്കിത്തരുന്നത് വിജയം മുറിഞ്ഞുപോയവരുടെ കഥകളായിരിക്കും.

ശീലക്കേടുകളുടെ വിവരങ്ങൾ, ജാഗ്രതക്കുറവുകൾ, ആവശ്യമുള്ളതിനെ അവഗണിച്ചതിന്റെ പ്രശ്നങ്ങൾ, മത്സരങ്ങളെ നേരിട്ടതിലെ വൈകല്യങ്ങൾ, ആദ്യകാല വിജയങ്ങൾ കൈകാര്യം ചെയ്തതിലെ പാളിച്ചകൾ, വികാസം എന്ന്കരുതി ചെയ്ത മണ്ടത്തരങ്ങൾ, അറിയാതെപോയ കരുതലുകൾ, കുറ്റകരമായ അലംഭാവങ്ങൾ, ഔദ്ധത്യം കൊണ്ട് ചെന്നുപെട്ട പ്രതിസന്ധികൾ, ഇങ്ങനെ നിങ്ങൾക്ക് ലഭിക്കാവുന്ന അവശ്യ വിവരങ്ങളുടെ ഒരു റിലയബിൾ സോർസ് ആയിരിക്കും വിജിയിക്കാത്തവരുടെ കഥകൾ.

ഈ കഥകൾ ലക്ഷങ്ങളും ചിലപ്പോൾ കോടികളും വരെ ചിലവിട്ട് അറിഞ്ഞ ഫസ്റ്റ്- ഹാൻഡ് അറിവുകളാണ്. ഏറെ വിലയുള്ളതാണ്. അവർ മൊത്തത്തിൽ മണ്ടൻമാരായതിനാലല്ല അവർ വിജയിക്കാതെ പോയത്. ഏതോ ചില കാര്യത്തിൽ പിഴച്ചുപോയി. അത് മറ്റ്പല പിഴവുകൾക്ക് വഴിവച്ചു. അങ്ങിനെയാണ് മിക്ക പരാജയങ്ങളും സംഭവിക്കുന്നത്. ഒരിക്കൽ പരാജയപ്പെട്ടവർ ഒരു സ്റ്റാർട്ടപ്പറേ സംബന്ധിച്ച് വിജയപാതയിൽ ഓടുന്നവരെക്കാൾ പ്രാധാന്യമർഹിക്കുന്നു. പക്ഷേ എന്തു ചെയ്യാം ആ കഥകൾ നമുക്ക് ലഭ്യമല്ല. അവരെ നമുക്കറിയില്ല. നമ്മൾ അവരെ തേടിപോകുന്നുമില്ല. പലപ്പോഴും ഒരു കഥ പറഞ്ഞുതരാൻപോലും അവരുണ്ടാവില്ല.

വിജയികൾ പറഞ്ഞുതരുന്ന ‘പരിക്കുകൾ’ ഒരു സർവൈവറുടെ പരിക്കുകളാണ്.
ഒരിക്കൽ, യുദ്ധത്തിൽ പങ്കെടുത്ത വിമാനങ്ങളിൽ ഒരു പഠനം നടന്നു. എവിടെയൊക്കെയാണ് കൂടുതൽ വെടിയേൽക്കുന്നത് എന്ന് കണ്ടെത്താൻ. കോക്ക് പിറ്റിന് അരികിൽ, ചിറകുകളിൽ, വാൽഭാഗത്ത് ഇന്നയിന്ന സ്പോട്ടുകളിൽ എന്നൊക്കെ റിപ്പോർട്ട് വന്നു. കണ്ടെത്തിയ ആ സ്പോട്ടുകളിൽ കൂടുതൽ സേഫ്റ്റി കരുതലുകൾക്ക് നടപടിക്ക് തുടക്കമായി. എന്നാൽ ഒരു ക്രിയേറ്റീവ് ട്വിസ്റ്റ്, ഒരു ലാറ്ററൽ തിങ്കിങ് അവിടെയുണ്ടായി. കൂടുതൽ വെടിയേറ്റതായി തിരിച്ചറിഞ്ഞ സ്ഥലങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ കരുതൽ എടുക്കുക എന്നതായിരുന്നു ആ ട്വിസ്റ്റ്.! കാരണം മേൽ കണ്ടെത്തിയ സ്പോട്ടുകളിൽ വെടിയേറ്റിട്ടും ആ വിമാനങ്ങൾ തിരിച്ചുവന്നിരിക്കുന്നു.! അപ്പോൾ തിരിച്ചു വരാത്തവിധം തകർന്നു പോകാവുന്ന ലോല ഭാഗങ്ങൾ വെടിയേറ്റതായി കണ്ടെത്തിയ സ്ഥലങ്ങൾക്ക് പുറത്തുള്ളവയാണ്.! ആ സ്പോട്ടുകളിൽ വെടിയേറ്റവർ ഒരു പഠനത്തിനുപോലും ലഭ്യമാകാതെ തകർന്നുപോയിരുന്നു.

എങ്ങിനെ ഒരു ലക്ഷ്വറി കാർ ഇറക്കരുത് എന്ന് ‘ഫോർഡ് എഡ്സെൽ’ നേക്കാൾ അറിഞ്ഞവർ ലോകത്തുണ്ടാകില്ല. എങ്ങിനെ ഒരു സൂപ്പർമാർക്കറ്റ് ചെയിൻ വികസിപ്പിക്കാതിരിക്കണം എന്ന് കേരളത്തിൽ പറഞ്ഞുതരാൻ ‘വർക്കീസ്’നോളം യോഗ്യരായവർ മറ്റാരും കാണില്ല. എങ്ങിനെ ഒരു ടെക്സ്റ്റൈൽ ഷോപ്പ് കൊണ്ടുപോകരുത് എന്ന് പറഞ്ഞുതരാൻ ‘രമണിക’യോളവും ‘ഇമ്മാനുവേൽ’ നോളവും അറിയുന്നവർ കേരളത്തിൽ ഉണ്ടാകില്ല. രമണികയുടെ ‘ഇന്നോവേറ്റീവ് തിങ്കിങ്’ ഇപ്പോൾപോലും കേരളത്തിൽ ഒരു ടെക്സ്റ്റൈൽ ബ്രാണ്ടിനുമില്ല. ഇവരുടെ സാഹസികതയും സംരഭകത്തവും നേരറിവുകളും മറന്നുപോകരുത്, വിലകുറച്ചു കാണരുത്. ചില കാര്യങ്ങളിൽ പിഴച്ചു പോയി എന്നേയുള്ളൂ. അവരൊക്കെ ശരിക്കും ‘അനുഭവ’ഗുരുക്കളാണ്.!

സത്യത്തിൽ ഒരു കൺസൽറ്റൻസിപോലും തുടങ്ങേണ്ടതാണ് അവർ. പക്ഷേ ഉപദേശത്തിന് ആരും അവിടെ പോകില്ല. അതിനുള്ള പ്രത്യേക വിവേകം പുതു സംരംഭകർക്കുണ്ടാകില്ല? വിജയത്തിന്റെ വീര കഥകളിലാണ് എല്ലാവർക്കും കമ്പം, പാഠങ്ങളിലല്ല.

ഒരു പെണ്ണിന്റെ പുറകിൽ മാനസ മൈനേ പാടി നടന്ന് കച്ചവടം തുലച്ച പരീകുട്ടിയിലും സൂക്ഷിച്ചു നോക്കിയാൽ ഒരു ഓൺട്രപ്രണർക്ക് പാഠങ്ങൾ കാണും. ഒരു കച്ചവടം നശിച്ചത് കേരളത്തിൽ ആരും കണ്ടില്ല. ഒരു പ്രേമം സഫലമാകാത്തതിലാനാണ് നാം നൊമ്പരപ്പെട്ടത്. ഇന്ന് ആ പരീകുട്ടി ‘ഫ്രെഷ് ടു ഹോം’ കാണുമ്പോൾ എന്തായിരിക്കും ചിന്തിക്കുക?

വടക്കൻ പാട്ടിലെ ചന്തുചേകവർക്ക് ചില പിഴവുകൾ സംഭവിച്ചു എന്നല്ലാതെ ചന്തു ഒരു വീരനല്ല എന്നാരും പറയില്ല. ഒന്ന് തോറ്റാൽ ‘ആകെ യൂസ്സ്ലസ്സ് ആയി’ എന്നാണ് പുതു തലമുറ ചിന്തിക്കുക. ശരിയായ ഓൺട്രപ്രണർ അസാമാന്യനാണ്. അവരുടെ ചിന്തകൾ അങ്ങിനെ ആയികൂട!

Leave a Comment

Your email address will not be published. Required fields are marked *