( ഇത് സാധാരണക്കാർക്കുള്ള കുറിപ്പല്ല. സംരംഭകർക്കുള്ളതാണ്. ഇതിൽ പറയുന്ന കാര്യങ്ങളിൽനിന്ന് സാധാരണക്കാർക്ക് ഒന്നും കിട്ടാനില്ല. വെറുതെ വായിച്ചു സമയം പാഴാക്കരുത്.)
ഒരു പരസ്യത്തെ സാധാരണക്കാർ കാണുന്നതും മനസ്സിലാക്കുന്നതും, വായിക്കപ്പെടുന്നതും, കേൾക്കപ്പെടുന്നതും അതിൽ പ്രകടമാകുന്ന കണ്ടന്റ് മാത്രമാണ്. അതിനുപുറകിലെ തന്ത്രങ്ങൾ, ആവശ്യങ്ങൾ, ലക്ഷ്യങ്ങൾ തുടങ്ങിയ രഹസ്യങ്ങളെല്ലാം എപ്പോഴും സാധാരണക്കാർക്ക് അജ്ഞാമായിരിക്കും. ( നിങ്ങൾ ഇവിടെ ധാരാളം കാണുന്ന മലയാള പരസ്യങ്ങളുടെ കാര്യമല്ല പറയുന്നത്. ശരിയായ സയന്റിഫിക് അഡ്വെർടൈസിങിന്റെ കാര്യമാണ് സൂചിപ്പിക്കുന്നത്. )
ഒരു ഡോക്ടറെ കണ്ട് പുറത്തിറങ്ങിയാൽ ഒരു കുറിപ്പടിയും കുറച്ച് മരുന്നുകളും ആണ് രോഗികാണുന്നത്. എന്നാൽ അവിടെ കുറേ ഇൻവിസിബിൾ പാട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. ഡോക്ടർ പഠിച്ചറിഞ്ഞ ശരീരശാസ്ത്രവും, രോഗ-നിർണ്ണയ- പരിഹാര മാർഗ്ഗങ്ങളും, അവർ നേടിയിട്ടുള്ള പ്രായോഗിക പരിജ്ഞാനങ്ങളും നിങ്ങളുടെ കാര്യത്തിൽ അവർ അപ്ലൈ ചെയ്യുന്ന ചികിത്സാ സ്ട്രാറ്റജിയും നിങ്ങൾക്ക് അജ്ഞാതവും ഇൻവിസിബിളും ആണ്. കൃത്യമായി അവ വിവരിക്കാനോ, വിവരിച്ചാൽ തന്നെ നിങ്ങൾക്ക് മനസ്സിലാക്കാനോ കഴിയില്ല.
പരസ്യത്തിലെ ഒരു ആഹ്വാനം, ഒരു നേട്ടം, ഒരു വാർത്ത, ഒരു അറിയിപ്പ്, ഒരു ഓഫർ ഇതൊക്കെയായിരിക്കും നിങ്ങൾ കാണുന്നുണ്ടാവുക. വിസിബിൾ പാർട്ട് ആയി മനുഷ്യരുടെയോ വസ്തുക്കളുടെയോ ചിത്രങ്ങളും കുറച്ച് വാചകങ്ങളും മാത്രമായിരിക്കും അതിൽ ഉണ്ടാവുക.
പരസ്യം ഒരു കമ്മ്യൂണിക്കേഷൻ ടൂൾ ആണ്, ഒരു മാർക്കറ്റിംഗ് ടൂൾ ആണ്, ഒരു ബ്രാൻഡിംഗ് ടൂൾ ആണ്, ഒരു പൊസിഷൻ ടൂൾ ആണ്, ഒരു കോംപെറ്റീഷൻ ടൂൾ ആണ്, ഒരു സ്ട്രാറ്റജി ടൂളും, ഒരു ഇമേജ് ബിൽഡിംഗ് ടൂളും ആണ്.
അതിൽ കസ്റ്റമർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എടുത്തുകാണിക്കുന്നുണ്ടായിരിക്കും. പ്രശ്ന ലക്ഷണങ്ങൾ പ്രവചിക്കുന്നുണ്ടായിരിക്കും, വാങ്ങിയാൽ നിങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന നേട്ടങ്ങൾ ഉണ്ടായിരിക്കും. ഇപ്പോൾ വാങ്ങുമ്പോൾ ഉണ്ടാകുന്ന പ്രത്യേക നേട്ടം ഉണ്ടായിരിക്കും. മറ്റാരിലും ഈ നേട്ടങ്ങൾ ഇല്ലായെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ടായിരിക്കും. അത് വാങ്ങിയില്ലെങ്കിൽ നിങ്ങൾക്കുണ്ടാകുന്ന നഷ്ടങ്ങളും, അപകടങ്ങളും വിവരിച്ചിരിക്കും. ആ പ്രത്യേക നേട്ടങ്ങളെ വീണ്ടും മധുരമാക്കുന്ന എലെമെന്റുകൾ ഉണ്ടായിരിക്കും, ആ വാങ്ങൽ ത്വരിതപ്പെടുത്തുന്ന മെക്കാനിസങ്ങൾ ഉണ്ടായിരിക്കും. ഒടുവിൽ ഒരു ‘കാൾ ടു ആക്ഷനും’ ഉണ്ടായിരിക്കും.
ആ വിഷയത്തിലെ ആശയങ്ങൾ കൃത്യമായി, നിങ്ങൾക്ക് മനസ്സിലാകും വിധം കമ്മ്യൂണിക്കേറ്റ് ചെയ്യുമ്പോൾ പരസ്യം കമ്മ്യൂണിക്കേഷൻ ടൂൾ ആകുന്നു. (“മൂത്രത്തിൽ ഇൻഫെക്ഷൻ വരുന്നതിന്റെ 5 കാരണങ്ങൾ”).
നിങ്ങളുടെ മാർക്കറ്റിങ്ങിൽ സഹായകരമാകുന്ന മെസ്സേജുകൾ വഹിച്ചുകൊണ്ട് അവ പ്രത്യക്ഷപെട്ടാൽ അവ മാർക്കറ്റിംഗ് ടൂൾ ആയി പ്രവർത്തിക്കും. (“തമിഴ്‌നാട്ടിൽ വിതരണക്കാരെ ആവശ്യമുണ്ട്”).
നിങ്ങളുടെ ബ്രാൻഡിങ്ങിനെ സഹായിക്കുന്ന മെസേജുകളോ മറ്റ് ഉള്ളടക്കങ്ങളോ ഉണ്ടാകുമ്പോൾ അത് ബ്രാൻഡിങ് ടൂൾ ആയി മാറുന്നു. (“ഈ അടയാളം ശ്രദ്ധിച്ചുവാങ്ങുക”). പരസ്യത്തിലൂടെ നിങ്ങൾ അവതരിപ്പിക്കുന്ന യൂണിക് ആയ ഡിസൈൻ-സ്റ്റൈൽ, കോപ്പി-സ്റ്റൈൽ പേഴ്സണാലിറ്റി എന്നിവയിലൂടെ പരസ്യം ബ്രാൻഡിങ് ടൂൾ ആകുന്നു.
“മറ്റുള്ളവർ വെറുതെ തുണി കഴുകാൻ ശ്രമിക്കുമ്പോൾ ഞങ്ങൾ അത് എളുപ്പത്തിലും ഹൃദ്യമായ സുഗന്ധത്തോടെയും ചെയ്യുന്നു” എന്ന് പറഞ്ഞുകൊണ്ട് ഒരു കോംപെറ്റീഷൻ ടൂൾ ആയി മാർക്കറ്റ് ഷെയർ നേടാനും പരസ്യങ്ങൾക്ക് കഴിയുന്നു.’ . കൊക്കോകോള ക്രിക്കറ്റ് വേൾഡ് കപ്പ് ഒഫീഷ്യൽ സ്പോൺസർ ആയപ്പോൾ വന്ന “നത്തിങ് ഒഫീഷ്യൽ ഇൻ ഇറ്റ്” എന്ന പെപ്സി പരസ്യങ്ങൾ ഒരു ശക്തമായ കോംപെറ്റീഷൻ ടൂൾ ആയിരുന്നു.
മെസ്സേജുകളേയും ടെക്സ്റ്റ് കണ്ടെന്റുകളേയും വിഷ്വൽ എലെമെന്റുകളേയും സെലിബ്രിറ്റികളെയും കൃത്യമായി ഉപയോഗിക്കുമ്പോൾ ഇവ പൊസിഷൻ ടൂളുകളായും ഇമേജ് ബിൽഡിംഗ് ടൂളുകളായും ഒക്കെ റോളുകൾ മാറി മാറി വരുന്നു. (പഴയ Marlboro പരസ്യങ്ങളിലെ tough guy കൗബായ്. സ്ത്രീകൾക്കുള്ള സിഗരറ്റ് ആയി വന്നെത്തിയ Marlboro ഈ പരസ്യങ്ങളാൽ ആണുങ്ങൾക്കുള്ളതാക്കി റീ-പൊസിഷൻ ചെയ്തെടുത്തു).
പരസ്യങ്ങൾ നിങ്ങളെ ചതിക്കാനോ വഞ്ചിക്കാനോ വേണ്ടിയുള്ളതല്ല. നിങ്ങളെ ആ പ്രൊഡക്ടിലേക്ക് നയിക്കാനുള്ളതാണ്. അതീവ ബുദ്ധിശാലികളും വിവേചന ശീലമുള്ളവരും ആയ നിങ്ങളെ എങ്ങിനെ ചതിക്കാനാകും?
ഒരുപക്ഷെ ചതിച്ചാൽ അതിനെ നേരിടാൻ നിയമങ്ങൾ ഉണ്ട്. നിയമ പാലകർ ഉണ്ട്. ഭരണാധികാരികൾ ഉണ്ട്.
നിങ്ങൾ ഒരിക്കൽ പ്രൊഡക്ടിൽ എത്തിയാൽ, സർവീസിൽ എത്തിയാൽ, നിങ്ങൾക്ക് അസംതൃപ്തികൾ ഉണ്ടാകാം. അത് വേറെ വിഷയം. അത് കൈകാര്യം ചെയ്യാനും, നിങ്ങളെ സുരക്ഷിതമാക്കാനും ഇവിടെ സിസ്റ്റങ്ങൾ ഉണ്ട്. നീതി നേടിത്തരാൻ കോടതികൾ ഉണ്ട്.
പരസ്യം പോലെ പവർഫുൾ ആയ മറ്റൊരു മാസ്സ് കമ്മ്യൂണിക്കേഷൻ സംവിധാനം ഇന്ന് ലോകത്ത് വേറെയില്ല. പരസ്യം ചെയ്യുമ്പോൾ നാലാള് അറിയും. നിങ്ങളുടെ സെയിൽസ് മെസ്സജുകൾ കസ്റ്റമറിൽ എത്തും. കൂടുതൽ സെയിൽസ് ഉണ്ടാകുകയും ചെയ്യും.
അതിന് കുറച്ചു ചിലവുണ്ട്. വിത്ത് പാകി തൈകൾ കുഴിച്ചിട്ടാൽ കൃഷിയാകില്ല. വളമിടണം.
പോഷക ആഹാരങ്ങൾ കഴിച്ചാലേ മനുഷ്യന് വളർച്ചയും ആരോഗ്യവും ഉണ്ടാകൂ. എന്നപോലെ ഭംഗിയായി കമ്മ്യൂണിക്കേറ്റ് ചെയ്യണം. എന്നാലേ ബിസിനസ്സ് വളരൂ. “അല്ലെങ്കിൽ ഞങ്ങൾക്ക് ‘ക്വാളിറ്റി’ ഉണ്ട്, ജനം അറിഞ്ഞു വന്നുകൊള്ളും” എന്ന പുരാതന സിദ്ധാന്തം ഉരുവിട്ട് കാലം കഴിക്കാം.
കമ്മ്യുണിക്കേഷൻ ബിസിനസ്സിന്റെ പ്രാണവായുവാണ്. അത് ലക്ഷറിയല്ല. അത് ചെയ്യാൻ പ്രാപ്തിയില്ലാത്തവർക്ക് അതിന്റെ കുറവുകൾ ബിസിനസ്സിൽ കാണും. ‘ഞങ്ങൾക്കതിന്റെ ആവശ്യമില്ല’ എന്ന് മേനി പറയുന്നവരോട് സഹതപിക്കയല്ലാതെ മറ്റുവഴിയില്ല.
പരസ്യം ചെയുന്നതിനു സ്വന്തം വഴികൾ അറിയാത്തവരും, പരസ്യത്തെ ഏറ്റവും വികലമായി മനസ്സിലാക്കുന്നവരും വികലമായി ഉപയോഗിക്കുന്നവരും മലയാളികളാണ്.
ചുമ്മാ പരസ്യങ്ങളെ കുറ്റം പറഞ്ഞിരുന്ന് കാലം കഴിക്കുന്ന അഭിരുചികളില്ലാത്ത സംരംഭരാണ് ഇവിടെയധികവും. അതുകൊണ്ട് മുളച്ചുപൊന്തിയാലും വളർച്ചയുണ്ടാകില്ല. വളർച്ചയില്ലാതെ മുരടിച്ച് എത്രകാലം നിലനിൽക്കും?
ഓർക്കുക: തുടങ്ങി അഞ്ച് വർഷം പൂർത്തിയാകും മുൻപേ ഷട്ടർ ഇടുന്നവയാണ് ഇവിടത്തെ 90% സംരംഭങ്ങളും.