ജനരോഷം ആളിക്കത്തിക്കുന്ന 7 സരംഭക പരാജയങ്ങളും സർക്കാരിന്റെ അനങ്ങാപ്പാറ നയവും.

ഇവ ഒരു ശരാശരി മല്ലുവിന്റെ ബിസിനസ്സ് രോദനങ്ങൾ ആയി കേരള സമൂഹം ഏറ്റെടുക്കുമല്ലോ..!

കേസ് സ്റ്റഡി 1- ജീൻസ് ബ്രാണ്ടിന് ജീവിക്കേണ്ടെ?

“എനിക്ക് ജീൻസ്ന്റെ ബിസിനസ്സ് ആണ്. ഞാൻ ഒരു ജീൻസ്‌ ബ്രാൻഡ് ഉണ്ടാക്കി മാർക്കറ്റിൽ വിജയിപ്പിക്കാൻ ശ്രമിച്ചു. വലിയകടകൾ ആരും വാങ്ങി വെക്കുന്നില്ല. അവർക്ക് ലെവിസും, ലീയും, ലീകൂപ്പറും ഒക്കെ മതിയത്രെ. ഫോട്ടോഷോപ്പ് പഠിക്കാൻ പോകുന്ന ഒരു ചെക്കൻ ഉണ്ടാക്കിത്തന്ന ലോഗോ ആർക്കും ഇഷ്ടമാകുന്നില്ല. വ്യവസായ വകുപ്പിലെ സാറോക്കെ വലിയ അഭിപ്രായം പറഞ്ഞതാണ്. ഞാൻ ഇറക്കുന്ന പ്രൊഡക്ടിൽ ഏത് വെക്കണമെന്ന് എന്റെ ഇഷ്ടമല്ലേ. നമുക്കും വാശി വേണ്ടേ. ഇപ്പോൾ അത് ഫുട്പാത്തിൽ പോലും വിൽക്കാൻ പറ്റുന്നില്ല.

ഇത് കണ്ടിട്ടും പാവങ്ങൾക്ക് ബിസിനസ്സ് ചെയ്യാനുള്ള സാഹചര്യമുണ്ടാക്കാത്ത സർക്കാർ രാജിവെക്കണം.

കേസ് 2- കേരളത്തിലെ മികച്ച പെർഫ്യൂം ബ്രാൻഡ്

സർക്കാർ ഉദാസീനരായി കണ്ടുനിൽക്കുന്നു.!!
“ഞാൻ ഒരു പെർഫ്യൂം നിർമ്മാണ യൂണിറ്റ് നടത്തുന്നു. എനിക്ക് കേരളത്തിൽനിന്ന് കൊള്ളാവുന്ന ഒരു പെർഫ്യൂം ഉയർത്തികൊണ്ടുവരാൻ കഴിയുന്നില്ല . ജനത്തിനു നല്ല ഇമേജും ഭംഗിയും ഉള്ള ബ്രാൻഡ് മതി. പലപ്പോഴും അത് വിദേശ ബ്രാൻഡുകളാണ്. (നമ്മുടെ നാടിനെ പലവട്ടം കൊള്ളയടിച്ചവരുടെ ) നമ്മുടെ തലതിരിഞ്ഞ ചെറുപ്പക്കാർക്ക് വെറും ഇമേജും, കൂടിയ വിലയും കുറച്ചു പരസ്യവും മാത്രം മതി. ഒരു സ്പ്രൈ അടിച്ചാൽ 4 സുന്ദരികൾ ഒപ്പം കൂടുന്ന പെർഫ്യൂമാണ് പിള്ളാർക്ക് കൂടുതൽ പ്രിയം. പെറ്റമ്മയെ മറക്കുന്ന ഇത് സമൂഹത്തിന്റെ മൂല്യ ച്യുതിയാണ്. കാണാൻ മരുന്നു കുപ്പി പോലെയുണ്ടെങ്കിലും വിലകുറക്കാനായി പാക്കിങ് ഇവിടെ ലോക്കൽ ആയി സ്ക്രീൻ പ്രിന്റിങ് ചെയ്യിച്ചതാണെങ്കിലും നമ്മുടെ നാട്ടിലെ ഉൽപ്പന്നമല്ലേ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്? ഞാൻ ലോക്കൽ സാധനങ്ങൾ ഉപയോഗിക്കുന്ന ആപ്പയൂപ്പയൊന്നുമല്ലട്ടോ. സർക്കാർ ഉദാസീനത വെടിഞ്ഞ് ഉടൻ ഇടപെടണം .

കേസ് 3- മനം മയക്കും വസ്ത്ര ശേഖരം

ഈ അനീതി സർക്കാർ കണ്ടില്ലെന്നു നടിക്കുന്നു.
“എന്റെ തുണിക്കടയിൽ എനിക്ക് കഴിയും വിധം ഞാൻ തുണിത്തരങ്ങൾ കൊണ്ടുവന്നു വിൽക്കുന്നു. നല്ല കച്ചവടം ഉണ്ടായിരുന്നു മുൻപ് . പരസ്യം ചെയ്ത് കച്ചവടം കൂട്ടേണ്ട ഗതികേട് എനിക്കില്ലായിരുന്നു.
ഇപ്പോൾ പരസ്യം ചെയ്യാനോ കൂടുതൽ സെലക്ഷൻ കൊണ്ടുവരാനോ എനിക്ക് സാമ്പത്തികം ഇല്ല. വലിയ തുണിക്കടകൾക്ക് പുറകിലാണ് ജനങ്ങൾ ഇപ്പോൾ. കുറേ മേനിയഴകുള്ള മോഡലുകൾ ഉണ്ടെങ്കിൽ അവർ അതിന്റെ പുറകിൽ പോകും. ചിലവാകാതിരുന്നാൽ കെട്ടിപ്പഴക്കം വരുന്നു എന്നാണ് ആക്ഷേപം. ഡിസൈൻ എല്ലാം പഴഞ്ചനത്രെ. നമുക്ക് കൊക്കിലൊതുങ്ങുന്നതല്ലേ കൊത്താനാകൂ. എന്റെ തൊഴിലാളികൾ പട്ടിണിയിലാണ്. ഇനിയും സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് ഒരു സാധു ജനവിഭാഗങ്ങളോടുള്ള അവഗണയാണ്.

കേസ് 4- പലചരക്കിന്റെ വിസ്മയം.!

ഞാൻ ഒരു പുരോഗമനവും നടത്താതെ ഒരു പഴഞ്ചൻ പലചരക്കുകട നടത്തിവരുന്നു. നാട്ടുകാർ ഇവിടന്നാണ്‌ കാലങ്ങളായി വാങ്ങികൊണ്ടിരുന്നത്‌. കഴിഞ്ഞമാസം ഒരു പുതിയ സൂപ്പർമാർക്കറ്റ് ഇവിടെ വന്നു. കസ്റ്റമേഴ്സ് എല്ലാം അവിടേക്ക് പോകുന്നു.
ഇത് സർക്കാരിന്റെ പിടിപ്പുകേടാണ്. അധകൃതർ വേണ്ട നടപടികൾ സ്വീകരിക്കാതെ സൂപ്പർ മാർക്കറ്റിനു പുറകിലാണ്. ഇത് നീതികരിക്കാമോ ? ഇത് ന്യായമാകുന്നതെങ്ങനെ?

കേസ് 5- പാളപ്ലെയ്റ്റ് കുത്തുപാളയായി.!

സർക്കാരിന്റെ നീതി ഉറപ്പാക്കണം. ഞങ്ങളുടെ പ്ലേറ്റുകൾ വാങ്ങാൻ നിയമം കൊണ്ടുവരണം.
“ഞങ്ങൾ പല ചാനലുകളിൽ കണ്ട പരിപാടി പ്രകാരം കവുങ്ങിൻ പാളയിൽ നിന്ന് മൂല്യ വർധിത ഉൽപ്പന്നം നിർമിക്കുന്ന പരിപാടി ലോൺ എടുത്ത് തുടങ്ങി. ഞങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നവരും ഗുണദോഷിച്ചിരുന്നവരും ആയ ഒറ്റ പാള പ്രേമികളെയും ഇപ്പോൾ കാണാനില്ല. പാള പ്ലേറ്റിന് 10 രൂപയാണ് വില. ഇത് ഇറങ്ങിയാൽ ജൈവ മാർഗ്ഗങ്ങൾ പിന്തുടരുന്ന പല പണക്കാരും ഇതിലേക്ക് വരും എന്നാണു പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കി തന്ന അപ്പീസർമാർ പറഞ്ഞത്. ഇപ്പോൾ പാളയും കിട്ടാനില്ല അത് പറക്കാൻ ആളെയും കിട്ടാനില്ല . കിട്ടിയാലും ആരും വാങ്ങുന്നില്ല. പ്രിന്റിങ് വേസ്‌റ്റ് ആയി വിദേശത്തുനിന്നും വരുന്ന 10 രൂപക്ക് 3 എണ്ണം കിട്ടുന്ന പ്ലേറ്റ് മതി ബിരിയാണി വിളമ്പാൻ എന്നാണു സാധാരണക്കാർ പറയുന്നത്.”
സർക്കാർ ഇടപെടണം. ഇല്ലെങ്കിൽ പാള പ്രേമികൾക്ക് സമരപരിപാടികൾ തുടങ്ങേണ്ടിവരും.

കേസ് 6- നാടൻ പഞ്ച നക്ഷത്രം.!

ഞങ്ങൾ ഒരു ഹോട്ടൽ നടത്തി വരികയാണ് . ചായയും പലഹാരവും ഉച്ചക്ക് ഊണും രാത്രി പൊറാട്ടയും ഉണ്ട് . ഇപ്പോൾ വിദേശത്തുനിന്നും വന്ന ചിലർ പുതിയ ബിൽഡിങ്ങിൽ ഒരു ഹോട്ടൽ തുടങ്ങിയിട്ടുണ്ട്. അവിടെ മന്തിയും അൽഫാമും അടക്കം ആവശ്യമില്ലാത്ത വിഭവങ്ങൾ രാത്രി 12 കഴിഞ്ഞും ലഭ്യമാണ്. ഫ്രഷ് മീൻ കടപ്പുറത്ത്ന്ന് ഇറക്കിയാണ് വറുത്തും പൊരിച്ചും കൊടുക്കുന്നത്. മാർക്കറ്റിൽ ലഭ്യമായ അല്പം കേടുള്ളതെങ്കിലും വിലകുറഞ്ഞ മീൻ വറുത്ത് വച്ചിട്ടും ജനത്തിനിപ്പോൾ വേണ്ട. ചായക്കും കാപ്പിക്കും അവിടെ ഇരട്ടി വിലയാണ്.
എട്ടുമണി കഴിഞ്ഞാൽ അടക്കുന്ന ഞങ്ങളുടെ കടയിൽ ഇപ്പോൾ ആളുകൾ വരവ് കുറഞ്ഞു. ഞങ്ങൾ അറിയാൻ വയ്യാത്തോണ്ട് ചോദിക്കുകയാ. എന്തിനാ ഹോട്ടലിലെ സപ്ലയർമാർക്ക് യൂണിഫോം ? എന്തിനാ അവിടെ കാർപെറ്റ്? ക്വാളിറ്റി നന്നായാൽ എവിടെയും വണ്ടി നിർത്തി ജനം വരില്ലേ. 10 ടേബിൾ ഇടേണ്ട സ്ഥലം പാർക്കിങ്ങിന് വേയ്സ്റ്റ് ആക്കണോ? ഏസി യുടെ ആവശ്യമുണ്ടോ ഫാൻ പോരെ ?
സർക്കാർ ഇതൊന്ന് നിർത്തി തരണം എന്നാണു ഞങ്ങളുടെ ഒരു ഇത്.

കേസ് 7- ഈ ബ്യൂട്ടി സോപ്പിന് ഒരു ബ്യൂട്ടി തരൂ.!

ഞാൻ കുളിക്കാനുള്ള ഒരു സോപ്പ് ഇറക്കിയ ഒരാളാണ്. ഒരുപാട് മാരക പഠനങ്ങൾ നടത്തിയശേഷമാണ് ഞാൻ കടയിൽ നിന്നും കിറ്റ് വാങ്ങി സോപ്പ് ഉണ്ടാക്കിയത്. നല്ല കൂടിയ മണം തന്നെ ആയിക്കോട്ടെ എന്നുവെച്ചു. കിറ്റിനോടൊപ്പം കിട്ടിയ അച്ചിൽ ഞങ്ങൾ മിശ്രിതം നിറച്ചു. ഡ്രൈ ആയി കഴിഞ്ഞപ്പോൾ പിയേഴ്‌സും ലക്സും ഒക്കെ ദൂരെ മാറിയിരിക്കണം. കമ്പ്യൂട്ടർ പഠിക്കാൻ പോകുന്ന മോൾ പാക്കിങ് ഉണ്ടാക്കി. മോളുടെയും മോന്റെയും പേരിന്റെ ആദ്യ അക്ഷരങ്ങൾ കൊണ്ടാണ് ബ്രാൻഡ് നെയിം.
എല്ലാവരും പ്രശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വീട്ടിൽ വന്നു വാങ്ങുന്നുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇവിടെ സൂപ്പർ മാർക്കറ്റിലും കടകളിലും ആരും വക്കാൻ തയ്യാറാവുന്നില്ല. വളർന്നു വരുന്ന ഒരു സംരഭകനെയല്ലേ സമൂഹം പിന്തുണക്കേണ്ടത്? സർക്കാർ എല്ലാ അർത്ഥത്തിലും ഒരു പരാജയമാണെന്ന് ബോധ്യമായി.

– – – – – – – – – – – – – – – – – –

ലോകത്ത് എല്ലാ രാജ്യങ്ങളിലും ഭരണകൂടങ്ങൾ സഹായിച്ചിട്ടല്ല ബ്രാൻഡുകളും ബ്രാൻഡ് ഇമേജുകളും ഉണ്ടായി വന്നിട്ടുള്ളത്. ചില കാര്യങ്ങളിൽ ലോബിയിങ് നടക്കും. ഇല്ലാതില്ല. എന്നാൽ വിജയത്തിന്റെ ഒരു ഘട്ടത്തോളം എത്തുന്ന കാര്യത്തിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. അത് വ്യക്തിഗത നേട്ടങ്ങളാണ്.

സർക്കാർ ഒരു കമ്മിറ്റിയാണ്. ഒരു കമ്മറ്റിക്ക് ഒരു കവിത കുറിക്കാൻ കഴിയില്ല എന്നറിയുക.

നിങ്ങളുടെ ഏത് സംരംഭവും ഒരല്പം ക്രിയേറ്റീവിറ്റിയും ഇന്നോവേഷനും ഡിമാൻഡ് ചെയ്യുന്നുണ്ട്. നിങ്ങൾ മാർക്കെറ്റിങ്ങിൽ വട്ട പൂജ്യമായി നിന്നാൽ വിപണിയിൽ വട്ടപ്പൂജ്യം ആകാതെ തരമില്ല. പിന്നെ കിടന്ന് മോങ്ങിയിട്ട് കാര്യമില്ല. ക്വാളിറ്റി ഉണ്ടെന്നു പറഞ്ഞ് അടുക്കി അടുക്കി എടുത്തു വക്കാം.
കഴിഞ്ഞ പോസ്റ്റിലെ പാളപാത്ര പ്രോജെക്ടിലെ വിഷയമെന്ത്? പ്രതികരണങ്ങൾ എന്ത്?
നമ്മുടെ മല്ലൂസ് എത്ര വിചിത്രമായാണ് പ്രതികരിതിരിക്കുന്നത് എന്ന് നോക്കിയാൽ എത്ര പാപ്പരാണ് നമ്മുടെ വിഷൻ എന്ന് ബോധ്യമാകും.
സർക്കാരിന് തെറിവിളിക്കുന്നവരാണ് കൂടുതൽ പേരും. ഇക്കാര്യത്തിൽ പാവം സർക്കാർ.!!

സിമിലർ കേസ് സ്റ്റഡികൾ ഉണ്ടെങ്കിൽ പറയാം..

Leave a Comment

Your email address will not be published. Required fields are marked *